പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsലഖ്നോ: പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി. ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നഗരത്തോടുചേർന്ന ഗോമതിനഗറിൽ നാലു പേരടങ്ങിയ സംഘത്തിൽനിന്ന് നാലു കിലോ തിമിംഗല ഛർദി പിടികൂടിയത്. ഇവരെ അറസ്റ്റുചെയ്ത് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
രാജ്യത്ത് ഈയിടെയായി തിമിംഗല ഛർദി (ആംബർഗ്രിസ്)യുമായി പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ മുംബൈ മറൈൻ ഡ്രൈവിൽനിന്ന് 2.6 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടിയിരുന്നു. കേരളത്തിൽ വിഴിഞ്ഞത്തുനിന്ന് 28 കോടി രൂപ വിലവരുന്ന ആംബർഗ്രിസ് പിടികൂടിയതും ഈയിടെയാണ്.
എന്താണ് തിമിംഗല ഛര്‍ദി?
സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് ഏറെ വിലപിടിപ്പുള്ള വസ്തുവാണ്. അത്യപൂര്‍വമായ ഈ വസ്തു കടലിലെ നിധി എന്നറിയപ്പെടുന്നു. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. ഒരു കിലോയ്ക്ക് 1.8 കോടിയോളം രൂപ വിപണിയില്‍ ലഭിക്കുന്ന ആംബർഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ആംബര്‍ഗ്രിസിന്‍റെ സംഭരണവും വിൽപനയും നിയമവിരുദ്ധമാണ്. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വെക്കുന്നതും കുറ്റകരമാണ്.
പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി തുടങ്ങിയവ ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. പഴക്കം കൂടുംതോറും തിമിംഗലത്തിന്‍റെ ഛർദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറും. ആംബര്‍ഗ്രിസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ലഭ്യമാണ്. എന്നാൽ, അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കക്കു പുറമെ ആസ്ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങളും ആംബര്‍ഗ്രിസിന്‍റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആംബര്‍ഗ്രിസിന്‍റെ വ്യാപാരം നിയമവിധേയമാണ്. 1970 മുതൽ സ്പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ അവയെ വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനായാണ് പല രാജ്യങ്ങളും ആംബര്‍ഗ്രിസിന്‍റെ വ്യാപാരത്തിന് നിരോധനമേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.