' എന്ത് നാണക്കേടാണിത്', ആസാദിനെ പാഠപുസ്തകത്തിൽ നിന്ന് വെട്ടിയതിനെതിരെ തരൂർ
text_fieldsന്യൂഡൽഹി: പാഠപുസ്തകത്തിൽനിന്ന് മൗലാനാ അബുൽ കലാം ആസാദിനെ കുറിച്ചുള്ള ഭാഗങ്ങൾ വെട്ടിമാറ്റിയ എൻ.സി.ഇ.ആർ.ടി നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരം നടപടികൾ ബഹുസ്വര ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്ത് നാണക്കേടാണിത്. ചരിത്രത്തിൽനിന്ന് മാറ്റി നിർത്തപ്പെട്ടവരെ കൂട്ടിച്ചേർക്കുന്നതിനോട് എനിക്ക് എതിർപ്പില്ല. എന്നാൽ, തെറ്റായ കാരണങ്ങൾ പറഞ്ഞ് ആളുകളെ നീക്കം ചെയ്യുന്നത് നമ്മുടെ ബഹുസ്വര ജനാധിപത്യത്തിനും അതിന്റെ ചരിത്രത്തിനും യോജിച്ചതല്ല"- തരൂർ ട്വിറ്ററിൽ കുറിച്ചു.
എൻ.സി.ഇ.ആർ.ടി പുതുക്കിയ പ്ലസ് വൺ പാഠപുസ്തകത്തിൽനിന്നാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ ആസാദിനെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കിയത്. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അറ്റ് വർക്ക് എന്ന ഭാഗത്തിൽ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്.
ഭരണഘടനാ അസംബ്ലിയിൽ എട്ട് പ്രധാന കമ്മിറ്റികളുണ്ടായിരുന്നെന്ന് പാഠത്തിൽ വിശദീകരിക്കുന്നുണ്ട്. ജവഹർ ലാൽ നെഹ്‌റു, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ പട്ടേൽ, മൗലാനാ അബുൽ കലാം ആസാദ് എന്നിവരെല്ലാം കമ്മിറ്റികളിൽ അധ്യക്ഷത വഹിച്ചുവെന്ന് പരിഷ്‌കരിക്കുന്നതിന് മുമ്പുള്ള പാഠം പറയുന്നു. എന്നാൽ പരിഷ്‌കരിച്ച പതിപ്പിൽനിന്ന് ആസാദിനെ നീക്കുകയായിരുന്നു.
നേരത്തെ മുഗൾ ചക്രവർത്തിമാർ, മഹാത്മാഗാന്ധി വധം , ആർ.എസ്.എസ് നിരോധനം എന്നിവ എന്നിവയെല്ലാം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കിയിരുന്നു. എൻ.സി.ഇ.ആർ.ടിയുടെ പാഠ പുസ്തക പരിഷ്കക്കരത്തിന്‍റെതിരേ വ്യാപക വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. എന്നാൽ കുട്ടികളുടെ പഠന ഭാരം കുറയ്ക്കുന്നതിനാണ് പാഠ പുസ്തകങ്ങൾ വെട്ടിമാറ്റുന്നതെന്നാണ് അധികൃതരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.