ഗോവയിലെ ബി.ജെ.പി തന്ത്രം കർണാടകയിൽ തിരിച്ചുപയറ്റി കോൺഗ്രസ്
text_fieldsബംഗളൂരു: ഗോവയിൽ കഴിഞ്ഞവർഷം ബി.ജെ.പി പയറ്റിയ തന്ത്രം അതേരീതിയിൽ തിരിച്ചുപയറ്റി കോൺഗ്രസ്. കർണാടകയിൽ അപ്രതീക്ഷിത നീക്കത്തിനു മുന്നിൽ ബി.ജെ.പി പതറി. രാവിലെ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിെൻറ സൂചനകൾ ലഭിച്ചതോടെ ബി.ജെ.പി പ്രവർത്തകർ ആഹ്ലാദ നൃത്തം ചവിട്ടുകയും നേതാക്കൾ ഇനി മറ്റാരുെടയും സഹായം വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, സീറ്റുകളുടെ എണ്ണം ഏതാണ്ട് തെളിഞ്ഞതോടെ കോൺഗ്രസ് ജെ.ഡി.എസിന് ഉടൻ പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വാഗ്ദാനം ദേവഗൗഡയും മകൻ കുമാരസ്വാമിയും സ്വീകരിച്ചതോടെ രാഷ്ട്രീയ ചിത്രം മാറി. അതോടെ, ബി.ജെ.പിയുടെ മുഖം വാടുന്നതാണ് കണ്ടത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഗോവയിൽ വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് തിരിച്ചുവന്നു. 40ൽ 17 സീറ്റാണ് നേടിയത്. ബി.ജെ.പി 13ലേക്ക് ഒതുങ്ങി. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീകറിനെ രാജിവെപ്പിച്ച് ഗോവയിൽ ഇറക്കിയ ബി.ജെ.പി ചെറുകക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ചു. കോൺഗ്രസിെൻറ മോഹങ്ങളാണ് വീണുടഞ്ഞത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ കഴിഞ്ഞിട്ടും ഗോവയിൽ മാത്രമല്ല മണിപ്പൂരിലും ഭരണം ബി.ജെ.പിയുടെ കൈയിലേക്കു വഴുതി. രണ്ടിടത്തും കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്.
എന്നാൽ, കർണാടകയിൽ ബി.െജ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം രൂപെപ്പട്ടത് കനത്ത ആഘാതമാണ് അവർക്ക് നൽകിയത്. ഏതു മാർഗത്തിലായാലും ഭരണം പിടിക്കാനുള്ള ചാണക്യ തന്ത്രം മെനയുകയാണ് ഇപ്പോൾ ബി.ജെ.പി നേതാക്കൾ. ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്ര മന്ത്രിമാരുെമല്ലാം കരുനീക്കത്തിലാണ്. 104 സീറ്റുകളുണ്ട്. 78 സീറ്റുള്ള കോൺഗ്രസും 37 അംഗങ്ങളുള്ള ജെ.ഡി.എസും കൈകോർത്തപ്പോൾ വിയർത്ത ബി.ജെ.പിക്ക് ഗവർണറിലാണ് ഇനി പ്രതീക്ഷ.
ഗോവയിൽ മന്ത്രിസഭ രൂപവത്കരിക്കാൻ ഗവർണർ മൃദുല സിൻഹ പരീകറെയാണ് ക്ഷണിച്ചത്. സ്ഥാനമേറ്റ് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ അറിയിച്ചത്. അതു മുതലാക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ഇതുതന്നെ കർണാടകയിലും സംഭവിക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ടെങ്കിലും കോൺഗ്രസിെൻറ പുതിയ തന്ത്രത്തിനു മുന്നിൽ അവർ ശരിക്കും വെട്ടിലായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.