'കോവിഡ്: 14 മാസം കേന്ദ്രം എന്തെടുക്കുകയായിരുന്നു?'; കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: കോവിഡിെൻറ രണ്ടാം വ്യാപനത്തെക്കുറിച്ച് സർക്കാറിന് ബോധ്യമില്ലായിരുന്നുവോയെന്നും ഒന്നാം വ്യാപനത്തിനുശേഷം 14 മാസക്കാലയളവിൽ കേന്ദ്ര സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്നും മദ്രാസ് ഹൈകോടതി. സർക്കാറിെൻറ ഇൗ അനാസ്ഥക്ക് ജനങ്ങൾ വലിയ വില നൽകേണ്ടിവരുന്നതായും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി അഭിപ്രായപ്പെട്ടു.
ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് സർക്കാർ ഗൗരവമായി കണ്ടില്ലെന്നും ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും ചീഫ് ജസ്റ്റീസ് സഞ്ജീബ് ബാനർജി, ജസ്റ്റിസ് ശെന്തിൽകുമാർ രാമമൂർത്തി എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. വ്യാഴാഴ്ച കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. കോവിഡിെൻറ രണ്ടാം വരവ് അപ്രതീക്ഷിതമായിരുന്നുവെന്നും ഒാക്സിജൻ- റെംഡെസിവിർ മരുന്ന് ക്ഷാമം പരിഹരിച്ചുവരുന്നതായും വാക്സിനേഷൻ നടപടികൾ ഉൗർജിതപ്പെടുത്തിയതായും കേന്ദ്ര സർക്കാറിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ആർ. ശങ്കരനാരായണൻ അറിയിച്ചപ്പോഴാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്.
മതിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. വാക്സിെൻറ വില നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഏറ്റവും ഒടുവിൽ 18 വയസ്സിന് മുകളിൽ വാക്സിൻ കുത്തിവെപ്പ് രജിസ്ട്രേഷെൻറ 'കോവിൻ ആപ്' പോലും പ്രവർത്തനരഹിതമായി -കോടതി ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കോവിഡ് വ്യാപനത്തിന് മുഖ്യ ഉത്തരവാദി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്നും ഇവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്താലും തെറ്റില്ലെന്നും പറഞ്ഞ് ഇൗയിടെ ഹൈകോടതി ശക്തിയായി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.