‘ഒരു മുസ്‍ലിമോ സിഖുകാരനോ ആയിരുന്നെങ്കിൽ എന്തുനിറം നൽകുമായിരുന്നു?’; പാർലമെന്‍റിലെ അതിക്രമത്തെ കുറിച്ച് ഹർ സിമ്രത് കൗർ
text_fieldsന്യൂഡൽഹി: പാർലമെന്റിൽ ഈ ചെയ്തത് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗക്കാരനായിരുന്നുവെങ്കിൽ വിഷയം എന്താക്കുമായിരുന്നുവെന്ന് ശിരോമണി അകാലിദൾ നേതാവും പഞ്ചാബിൽ നിന്നുള്ള ലോക്സഭ എം.പിയുമായ ഹർസിമ്രത് കൗർ. അതിക്രമിച്ചു കയറിയതിൽ ഒരു മുസ്‍ലിമോ, സിഖുകാരനോ ഉണ്ടായിരുന്നുവെങ്കിൽ ഈ സംഭവത്തിന് എന്തു നിറം നൽകുമായിരുന്നുവെന്നും ഇന്നും തന്റെ മനസിലുള്ള ചോദ്യമിതാണെന്നും കൗർ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുടെ ഒരു എം.പിയാണ് ഈ പാസ് കൊടുത്തുവെന്നത് കൊണ്ടും കുഴപ്പമില്ല. വല്ല പ്രതിപക്ഷ എം.പിയുമായിരുന്നു ഈ സന്ദർശക പാസ് കൊടുത്തിരുന്നതെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറയാനാവില്ല. ആയിരക്കണക്കിന് കോടികൾ ചെലവിട്ട് പണിത പാർലമെന്റിൽ വിഷയം ചെറുതല്ലെന്നും സുരക്ഷാവീഴ്ച സംഭവിച്ചുവെന്നും കൗർ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി എം.പിയായ താൻ ഇത്തരമൊരു സംഭവത്തിന് ദൃക്സാക്ഷിയായിട്ടില്ല. രാജ്യത്തിന്റെ പാർലമെന്റാണ് എല്ലാറ്റിനേക്കാളും സുരക്ഷിതമെന്നാണ് കരുതിയിരുന്നത്. ആ പാർലമെന്റിൽ തൊഴിലില്ലാത്ത ചെറുപ്പക്കാർ വന്ന് ഇത്തരമൊന്ന് ചെയ്തുവെങ്കിൽ പിന്നെവിടെയാണ് സുരക്ഷ.
22 വർഷം മുമ്പ് ആക്രമണം നടത്തിയത് തീവ്രവാദികളാണ്. ഇപ്പോൾ വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്കും ഇത് ചെയ്യാൻ കഴിഞ്ഞുവെങ്കിൽ നാളെ ഗൗരവമായി തന്നെ ഇത്തരമൊരു കൃത്യം ചെയ്യാൻ ആരെങ്കിലും കരുതിയാൽ പാർലമെന്റിനെ എങ്ങിനെ രക്ഷിക്കുമെന്നും കൗർ ചോദിച്ചു.
പാർലമെന്റിൽ ഇത് സംഭവിച്ചുവെങ്കിൽ ഡൽഹിയും രാജ്യവും എന്തുമാത്രം സുരക്ഷിതമാണ്? സംഭവത്തെ ക്കുറിച്ച് സർക്കാർ എന്തെങ്കിലും പറഞ്ഞേ മതിയാകൂ. ആരെങ്കിലും സുരക്ഷാ വീഴ്ചയെ കുറിച്ച് ചോദിച്ചാൽ അവരെ സസ്പെൻഡ് ചെയ്യുന്നത് തെറ്റാണെന്നും ഹർ സിമ്രത് കൗർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.