മോദിയുടെ കാതിൽ സ്വകാര്യം പറയുന്ന ആ തൊപ്പിക്കാരൻ ആരാണ്? എന്താണയാൾ പറഞ്ഞത്?
text_fieldsകൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയിൽ തൊപ്പിവെച്ച ഒരു മുസ്ലിം ചെറുപ്പക്കാരൻ സ്വകാര്യം പറയുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മുസ്ലിം ന്യൂനപക്ഷം ബംഗാളിൽ ബി.ജെ.പിക്കൊപ്പമെന്ന് സ്ഥാപിക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ ഈ പടത്തിന് ഏറെ പ്രചാരം നൽകുകയും ചെയ്യുന്നുണ്ട്. ആ ഫോേട്ടായിൽ മോദിയോട് സംസാരിക്കുന്നയാൾ ആരാണെന്നും അയാൾ എന്താണ് പറഞ്ഞതെന്നും ആളുകൾ ആകാംക്ഷയോടെ അന്വേഷിക്കുകയും ചെയ്യുന്നു.
മുൻകൂട്ടി പദ്ധതിയിട്ട രീതിയിൽ പകർത്തിയ ഫോട്ടോ ആണ് അതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കൃത്രിമം നടത്തി സൃഷ്ടിച്ച ഫോട്ടോയാണോ എന്ന് സംശയിച്ചവരുമേറെ. ഇതിനിടയിൽ 'ഞാനാണയാൾ' എന്ന് വ്യക്തമാക്കി 'കഥാനായകൻ' പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. പേര് സുൽഫിക്കർ അലി. വർഷങ്ങളായി ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് കൊൽക്കത്ത ജില്ല പ്രസിഡന്‍റാണ്.
എന്താണ് പ്രധാനമന്ത്രിയോട് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ കൂടെനിന്ന് ഒരു ഫോട്ടോ എടുക്കണമെന്നായിരുന്നു തന്‍റെ ആവശ്യമെന്ന് സുൽഫിക്കർ പറയുന്നു. മോദി വരുന്ന സമയത്ത് കീശയിൽ സൂക്ഷിച്ചിരുന്ന തൊപ്പിയെടുത്ത് തലയിലിടുകയായിരുന്നു. 'അദ്ദേഹമെത്തിയപ്പോൾ ഞാൻ കൈയുയർത്തി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രി തിരിച്ചും അഭിവാദ്യം ചെയ്തു. പിന്നീട് എന്‍റെ അടുത്തേക്ക്വന്ന് എന്താണ് പേരെന്ന് ചോദിച്ചു. എന്തെങ്കിലും വേണ്ടതുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. എനിക്ക് എം.എൽ.എ ടിക്കറ്റും കൗൺസിലർ പോസ്റ്റും ഒന്നും വേണ്ടെന്നും കൂടെനിന്ന് ഒരു പടം എടുത്താൽ മതിയെന്നും പറഞ്ഞു. ശേഷം ഞങ്ങളൊന്നിച്ച് ഫോട്ടോയെടുത്തു' -സുൽഫിക്കർ പറയുന്നു.
എന്നാൽ, സമ്മിശ്ര പ്രതികരണമാണ് ഈ ഫോട്ടോക്കുള്ളത്. ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രം സുൽഫിക്കർ തൊപ്പിയണിഞ്ഞുവെന്നാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വോട്ടുപിടിക്കാൻ ഈ പടം ഉപയോഗിക്കുകയായിരുന്നു ബി.ജെ.പിയുടെ ഉന്നമെന്നും എതിരാളികൾ കുറ്റപ്പെടുത്തുന്നു. പശ്ചിമ ബംഗാളിൽ ബി.ജെ.പി ജയിച്ചുകഴിഞ്ഞുവെന്ന അടിക്കുറിപ്പോടെ ബി.ജെ. പി ദേശീയ മഹിളാമോർച്ചയുടെ സോഷ്യൽ മീഡിയ ചുമതലയുള്ള പ്രിതി ഗാന്ധി ഉൾപെടെയുള്ളവർ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.