'അബദ്ധവശാൽ ഹിന്ദുക്കളായവർക്ക് ഹിന്ദുവിനെയും ഹിന്ദുത്വയെയും കുറിച്ച് എന്തറിയാനാണ്' - രാഹുൽ ഗാന്ധിക്കെതിരെ യോഗി
text_fieldsഅമേത്തി: തങ്ങൾ യാദൃശ്ചികമായി ഹിന്ദുക്കൾ ആയതാണെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ പ്രസ്താവന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധിയെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമർശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജഗദീഷ്പുരിൽ മെഡിക്കൽ കോളജ് ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
അബദ്ധവശാൽ ഹിന്ദുക്കളായവർക്ക് ഹിന്ദുവിനെയും ഹിന്ദുത്വയെയും കുറിച്ച് എന്തറിയാനാണെന്ന് രാഹുൽ ഗാന്ധിയുടെ അടുത്തിടെ നടന്ന പ്രസംഗം ചൂണ്ടിക്കാട്ടി യോഗി പറഞ്ഞു. ഒരിക്കൽ അമ്പലത്തിൽ ഇരിക്കുന്നതിന് പകരം മുട്ടുകുത്തി ഇരുന്നപ്പോൾ, ഇത് പള്ളിയല്ല അമ്പലമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെ പൂജാരി തിരുത്തിയിട്ടുണ്ടെന്നും അത്തരത്തിലുള്ള സംസ്കാരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ആൾ ഹിന്ദുവും ഹിന്ദുത്വയും തമ്മിലെ വ്യത്യാസത്തെ കുറിച്ച് പ്രസംഗിക്കുന്നത് ധാരണയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് അമേത്തി ഒരു അവസരം നൽകിയപ്പോൾ അവർ ഒന്നും ചെയ്തില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് അമേത്തിയെ അവർ ഓർക്കുന്നതെന്നും രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ലക്ഷ്യം വെച്ച് യോഗി പറഞ്ഞു.
ജീനുകളിൽ ഭിന്നിപ്പുള്ളവരും യാദൃശ്ചികമായാണ് തങ്ങൾ ഹിന്ദുക്കളായതെന്നും വിശ്വസിക്കുന്നവർ നിങ്ങൾക്കായി ഒരിക്കലും ചിന്തിക്കില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിങ്ങളുടെ വിശ്വാസത്തിന് മുന്നിൽ അവർ തല കുനിക്കുന്നതെന്നും യോഗി കൂട്ടിച്ചേർത്തു.
സ്വാതന്ത്രം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം തന്‍റെ സർക്കാറാണ് ഇവിടെ മെഡിക്കൽ കോളജ് സ്ഥാപിച്ചതെന്നും 50 വർഷമായി അമേത്തി ഭരിച്ച ഗാന്ധി കുടുംബം സംസ്ഥാനത്ത് ഉടനീളം അലഞ്ഞ് തിരിഞ്ഞ് സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചെങ്കിലും അമേത്തിയിലെ സ്ത്രീകൾക്ക് വേണ്ടി ഒന്നും തന്നെ ചെയ്യാൻ അവർക്ക് സാധിച്ചില്ലെന്നും യോഗി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.