'ക്രിക്കറ്റുമായി ഇസ്ലാമിന് എന്ത് ബന്ധം'; പാക് ആഭ്യന്തര മന്ത്രിയെ വിമർശിച്ച് ഉവൈസി
text_fieldsമുസാഫർ നഗർ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ പാകിസ്താന്‍റെ വിജയത്തെ ഇസ്ലാമിന്റെ വിജയമെന്ന് പ്രസ്താവന നടത്തിയ പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്‍റെ നടപടിയെ അപലപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദീൻ ഉവൈസി. ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ് ലാമിന് എന്ത് ബന്ധമാണുള്ളതെന്ന് ഉവൈസി ചോദിച്ചു. മുസാഫർ നഗറിൽ സംഘടപ്പിച്ച പൊതുറാലിയിലാണ് പാക് മന്ത്രിക്കെതിരെ ഉവൈസി രൂക്ഷ വിമർശനം ഉയർത്തിയത്.
"നമ്മുടെ അയൽ രാജ്യത്തെ ഒരു മന്ത്രി പറയുന്നത്, ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലെ വിജയം ഇസ് ലാമിന്‍റെ വിജയമാണെന്ന്. ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ് ലാമിന് എന്ത് ബന്ധമാണുള്ളത്?" - ഉവൈസി ചോദിച്ചു.
"നമ്മുടെ പൂർവികർ അവിടെ (പാകിസ്താൻ) പോകാത്തതിന് അല്ലാഹുവിന് നന്ദി, അല്ലെങ്കിൽ ഈ ഭ്രാന്തന്മാരെ കാണേണ്ടി വരും" -ഉവൈസി കൂട്ടിച്ചേർത്തു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് പാക് മന്ത്രി ശൈഖ് റഷീദ് ക്രിക്കറ്റ് ടീമിന്‍റെ വിജയത്തെ ഇസ് ലാമുമായി കൂട്ടിക്കെട്ടിയത്. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരം പാകിസ്താൻ ക്രിക്കറ്റ് ടീമിനൊപ്പമായിരുന്നുവെന്നും മന്ത്രി ശൈഖ് റഷീദ് പറഞ്ഞിരുന്നു.
ബാരിക്കേഡുകൾ നീക്കാനും ക്രിക്കറ്റ് മത്സരത്തിൽ രാജ്യം നേടിയ വിജയം ആഘോഷിക്കാൻ പൗരന്മാരെ അനുവദിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി ശൈഖ് റഷീദ് വ്യക്തമാക്കിയിരുന്നു.
ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയെ പത്തു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്താൻ വിജയം നേടിയിരുന്നു. ട്വന്‍റി 20 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ പാകിസ്താന്‍റെ ആദ്യ വിജയമാണിത്. ഇന്ത്യ പടുത്തുയർത്തിയ 151 റൺസ് വിജയലക്ഷ്യം പാകിസ്താൻ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെയാണ് മറികടന്നത്.
ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെയും പാകിസ്താന്‍റെയും അടുത്ത മത്സരം. ഞായറാഴ്ച ഇന്ത്യയും ചൊവ്വാഴ്ച പാകിസ്താനും ന്യൂസിലൻഡിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.