ഗ്യാൻവാപി മസ്ജിദിൽ നടന്നത് ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമിപ്പിക്കുന്നു -എം.എ. ബേബി
text_fieldsവരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഇന്നു നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമിപ്പിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി. കോടതി നിർദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയത്. ഈ പരിശോധന തന്നെ തർക്കവിഷയമാണ്. ആ പരിശോധനയുടെ ഫലം പോലും വരുന്നതിനു മുമ്പ് ഒരു പക്ഷത്തിനുവേണ്ടി കോടതിയിൽ പോയയാളുടെ വാക്ക് കേട്ട് പള്ളിയിൽ വിശ്വാസികൾ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടു. അവിടെ ഒരു ശിവലിംഗം കണ്ടു എന്നാണ് ഇയാളുടെ അഭിപ്രായം. അത് കിണറ്റിലെ ഫൗണ്ടൻ ആണെന്നാണ് പള്ളി നടത്തിപ്പുകാർ പറയുന്നത്.
ഇക്കാര്യത്തിൽ ഇന്ത്യയിലെ ഉന്നതനീതിപീഠം ഇടപെടുമെന്നും നീതിപൂർവ്വമായ ഒരു തീരുമാനം എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് ഉണ്ടായ നടപടികൾ നമ്മുടെ മതനിരപേക്ഷരാഷ്ട്രഘടനയ്ക്ക് കടകവിരുദ്ധമാണ്. ആരാധനാലയനിയമത്തിന്‍റെ ലംഘനവുമാണിത്. ഭരണഘടനാമൂല്യങ്ങൾക്ക് വിലകല്പിക്കാത്ത ഭരണാധികാരികൾ ഉള്ള നാട്ടിൽ ഇത്തരം അനീതികൾക്കും ആപൽക്കരമായ വിധ്വംസകനീക്കങ്ങൾക്കുമെതിരേ ജനങ്ങൾ തന്നെ മുന്നോട്ടിറങ്ങേണ്ടിയിരിക്കുന്നുവെന്നും എം.എ. ബേബി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.