അസമിലെ ട്രിപ്പിൾ കൊലപാതകം ലവ് ജിഹാദിന്‍റെ അനന്തരഫലം: ഹിമന്ത ബിശ്വ ശർമ
text_fieldsഗുവാഹത്തി: അസമിൽ നടന്ന ട്രിപ്പിൾ കൊലപാതകം ലവ് ജിഹാദിന്‍റെ അനന്തരഫലമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പതിനഞ്ച് ദിവസത്തിനുള്ളിൽ കേസിൽ ചാർജ്ഷീറ്റ് തയ്യാറാക്കുമെന്നും പ്രതിക്ക് വധശിക്ഷ നൽകാൻ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലെ ഗോലാഘട്ടിൽ തിങ്കളാഴ്ചയായിരുന്നു കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളുടെ പേരിലായിരുന്നു പ്രതിയായ നജീബ് റഹ്മാൻ ബോറ ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഹിന്ദുവാണെന്ന് പറഞ്ഞാണ് പ്രതി ആദ്യം കൊല്ലപ്പെട്ട സംഘമിത്ര ഘോഷിനെ പരിചപ്പെടുന്നതെന്നും കൊൽക്കത്തയിലേക്ക് കടന്ന ശേഷം യുവതിയെ ഇയാൾ ലഹരിക്ക് അടിമയാക്കുകയായിരുന്നുവെന്നും യുവതിയുടെ വീട് സന്ദർശിച്ച ശർമ പറഞ്ഞു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ടുള്ള ഇത്തരം പ്രണയവും വിവാഹബന്ധങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത ശേഷം ഇവർക്ക് സ്വന്തം വീട്ടിലേക്കോ നാട്ടിലേക്കോ മടങ്ങിയെത്താൻ പറ്റാത്ത സ്ഥിതിയുണ്ടാകും. ഇതോടെ നിസഹായരായ സ്ത്രീകൾ മതപരിവർത്തനത്തിന് നിർബന്ധിതരാകുമെന്നും ഇത് ആശങ്കാജനകമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെക്കാനിക്കൽ എഞ്ചിനീയിർ കൂടിയായ പ്രതി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
2020 ലോക്ഡൗൺ കാലത്തെ പ്രണയകഥയാണ് ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. അസം സ്വദേശിയായ നജിബുർ റഹ്മാൻ ബോറയും 24കാരിയായ സംഘമിത്ര ഘോഷും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. മാസങ്ങൾക്കുള്ളിൽ സൗഹൃദം പ്രണയമായി മാറി. അതേ വർഷം ഒക്ടോബറിൽ സംഘമിത്ര ഘോഷ് യുവാവുമായി കൊൽക്കത്തയിലേക്ക് കടന്നു. വീട്ടുകാർ വിവരമറിഞ്ഞ് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴേക്കും ഇരുവരും വിവാഹം ചെയ്തിരുന്നു. ഇരുവർക്കുമെതിരെ യുവതിയുടെ മാതാപിതാക്കൾ മോഷണക്കുറ്റം ആരോപിച്ച് പൊലീസിൽ പരാതിപ്പെട്ടു. ഇതിന് പിന്നാലെ ഒരുമാസത്തോളം ഇരുവരും ജയിലിലാകുകയും ശേഷം യുവതി മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇരുവരും വീണ്ടും ഒളിച്ചോടി ചെന്നൈയിലെത്തി. ഇവിടെ വെച്ച് സംഘമിത്ര ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. നജീബിന്‍റെ സ്വഭാവത്തിൽ മാറ്റങ്ങൾ മനസിലാക്കിയ യുവതി കുഞ്ഞിനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും നജീബിനെതിരെ പീഡനത്തിന് കേസ് കൊടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നജീബ് 28 ദിവസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിക്കാതിരുന്നതോടെ പ്രതി തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തി ഭാര്യയും മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു. മൂവരും കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ പ്രതി ഒമ്പത് മാസം പ്രായമായ കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.