ഗുജറാത്തിൽ തെരുവിൽ മരിച്ച കോവിഡ് രോഗിക്ക് ആംബുലൻസ് പോലും നൽകിയില്ലെന്ന് മകൻ
text_fieldsഅഹമ്മദാബാദ്: കോവിഡ് രോഗിയെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധികൃതർ ഗുരുതരമായ അലംഭാവം കാണിച്ചതായി വെളിപ്പെടുത്തൽ. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും നൽകിയില്ലെന്ന് മരിച്ചയാളുടെ മകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘‘ആശുപത്രിയിൽവെച്ച് മൃതദേഹത്തിൽ തളിക്കാനുള്ള സാനിറ്റൈസറിന് പോലും പണം ഈടാക്കി. മൃതശരീരം പൊതിയാനുള്ള പ്ലാസ്റ്റിക് ഷീറ്റും എന്നെ കൊണ്ട് വാങ്ങിപ്പിച്ചു. ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിത്തന്നില്ല. 102 ആംബുലൻസിന് വിളിച്ചെങ്കിലും അഞ്ചോ ആറോ മണിക്കൂർ കഴിഞ്ഞാലേ വരൂ എന്നാണ് മറുപടി കിട്ടിയത്. ഒടുവിൽ പിതാവിനെ ചുമലിൽ വഹിച്ച് ഞാൻ ശ്മശാനത്തിലെത്തിച്ചു” -മരിച്ച ഗണപത് ഭായ് വരുഭായ് മക്വാനയുടെ മകൻ കീർത്തി മക്വാന ‘ഹഫ് പോസ്റ്റ്’ ഓൺലൈനിനോട് പറഞ്ഞു.
മേയ് 10നാണ് ഗണപത് ഭായിയെ കോവിഡ് ലക്ഷണങ്ങളോടെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുദിവസത്തിന് ശേഷം കോവിഡ് സ്ഥിരീകരിച്ചതായി ഓൺലൈൻ വഴി അറിഞ്ഞതായി കീർത്തി പറഞ്ഞു. മേയ് 14ന് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി ഹോം ക്വാറൻറീൻ പോസ്റ്റർ പതിച്ചിരുന്നു.
എന്നാൽ, മേയ് 15ന് അച്ഛനെ ഡാനിലിംഡയിലെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. എസ്.വി.പി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് പൊലീസ് വിളിച്ചത്. അച്ഛെൻറ കുപ്പായക്കീശയിലുണ്ടായിരുന്ന എെൻറ മൊബൈൽ ഫോൺ നമ്പർ എഴുതിയ പേപ്പർ അപ്പോഴാണ് അവർ കണ്ടതെന്നാണ് പൊലീസ് പറഞ്ഞത് -കീർത്തി പറഞ്ഞു.
കൊറോണ ബാധിച്ച് അവശനിലയിലായിരുന്ന അച്ഛനെ എന്തിനാണ് ഡിസ്ചാർജ് ചെയ്തതതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ടെക്സ്റ്റൈൽ മിൽ തൊഴിലാളിയായ കീർത്തി (45) ആവശ്യപ്പെട്ടു. ഡിസ്ചാർജ് ചെയ്ത വിവരം പോലും ഞങ്ങളെ അറിയിച്ചിട്ടില്ല. 67 വയസ്സുള്ള അച്ഛന് തനിച്ച് 100 മീറ്റർ നടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് പോകുമ്പോൾ ബസിൽ ഇരിക്കാൻ പോലുമാകാതെ ക്ഷീണിതനായിരുന്നു. ആംബുലൻസിൽ വീട്ടിനടുത്ത് ഇറക്കിവിട്ടുവെന്നാണ് ആശുപത്രിക്കാർ പറഞ്ഞത്. എന്നാൽ, ആംബുലൻസിെൻറ ശബ്ദമൊന്നും ഞങ്ങൾ കേട്ടിട്ടില്ല -അദ്ദേഹം പറഞ്ഞു.
എന്നാൽ, രോഗ തീവ്രത കുറഞ്ഞതിനാലാണ് ഗണപത് ഭായിയെ മേയ് 14ന് ഡിസ്ചാർജ് ചെയ്തതെന്നാണ് അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഡോ. എം.എം. പ്രഭാകർ പറഞ്ഞത്. ആശുപത്രിയുടെ വാഹനത്തിലാണ് രോഗിയെ കൊണ്ടുപോയത്. വീടിനടുത്ത് എത്തിക്കാൻ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാൻഡിൽ ഇറക്കിയതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
അതേസമയം, ഗണപത്ഭായിയുടെ മരണം സർക്കാറിെൻറ കുറ്റകരമായ അവഗണനക്ക് ഉദാഹരണമാണെന്ന് ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. ഗുജറാത്ത് മോഡൽ എന്താണെന്ന് തുറന്നുകാട്ടുന്നതാണിത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും മേവാനി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിജയ് രൂപാനി ഞായറാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഏപ്രിൽ 24ന് 25 ഓളം കോവിഡ് ബാധിതർക്ക് അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു. ആറ് മണിക്കൂറോളം തെരുവുകളിൽ ചെലവഴിച്ച ഇവരെ ഒടുവിൽ രോഗികളിൽ ഒരാൾ വീഡിയോ റെക്കോർഡുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ശേഷമാണ് ചികിത്സക്ക് വിധേയമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ 11,000 ത്തിലധികം പേർക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 659 പേർ മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് സംസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.