ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ച ഫണ്ടിന് എന്ത് സംഭവിച്ചു? -എം.കെ. സ്റ്റാലിൻ
text_fieldsചെന്നൈ: പണമില്ലാത്തതിനാൽ താൻ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പരിഹസിച്ച് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന വാദം ശരിയാണെങ്കിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ച ഫണ്ടിന് എന്ത് സംഭവിച്ചുവെന്ന് സ്റ്റാലിൻ ചോദിച്ചു.
ഡി.എം.കെയുടെ ധർമപുരി സ്ഥാനാർഥി എ. മണിയുടെയും കോൺഗ്രസ്സിന്റെ കൃഷ്ണഗിരി സ്ഥാനാർഥി ഗോപിനാഥിന്റെയും പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നിങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ നിങ്ങൾ ജനങ്ങളെ കാണണം, അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം. ജനങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്യില്ല എന്ന് അറിയാവുന്നതുകൊണ്ടല്ലേ നിങ്ങൾ മത്സരിക്കാത്തത്?" സ്റ്റാലിൻ നിർമല സീതാരാമനോട് ചോദിച്ചു.
രാജ്യത്ത് ജനാധിപത്യവും സാമൂഹിക നീതിയും നിലനിൽക്കണമെങ്കിൽ ഇൻഡ്യ സഖ്യത്തിന് വോട്ടുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഇവിടെ നിന്നും തുരത്താനുള്ള സമയമാണിത്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ജാതി സെൻസെസ് നടത്താത്തതിനെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ പ്രധാനമന്ത്രി കൈകടത്താൻ ശ്രമിക്കുന്നതിനെയും സ്റ്റാലിൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.