ഗുജറാത്തിൽ കോൺഗ്രസിന് ഇതെന്തുപറ്റി?
text_fields2017ൽ ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പിൽ 78 സീറ്റുകളുമായി ബി.ജെ.പിക്ക് തൊട്ടു പിന്നാലെ കുതിച്ചിരുന്ന കോൺഗ്രസ് 2022 എത്തുമ്പോഴേക്കും 20 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 2017 ൽ 99 സീറ്റുണ്ടായിരുന്ന ബി.ജെ.പിയെ ഓടിച്ചിട്ട് പിടിക്കാമെന്നത് കോൺഗ്രസിന്റെ വ്യാമോഹമായി മാറിയിരിക്കുന്നു.
ഒരിക്കൽ വൻ ഭൂരിപക്ഷത്തിൽ ഗുജറാത്ത് ഭരിച്ച കോൺഗ്രസിന്റെ ഇന്നത്തെ ദയനീയാവസ്ഥയുടെ കാരണങ്ങൾ ചികയുമ്പോൾ നേതാക്കൻമാരുടെ താത്പര്യമില്ലായ്മ അവയിൽ മുന്നിട്ടു നിൽക്കുന്നുണ്ട്.
കോൺഗ്രസിൽ ഒരുവിഭാഗം തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സജീവ രാഷ്ട്രീയത്തിലിടപെടാതെ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. മറ്റുള്ളവർ ഇപ്പോൾ ഭാവി എന്തായിരിക്കുമെന്ന് ചിന്തിച്ചിരിക്കേണ്ടി വന്നിരിക്കുകയാണ്.
സൗരാഷ്ട്രയിലെ ഗോത്ര, ഗ്രാമീണ മേഖലയിൽ പിടിമുറുക്കിയാണ് 2017ൽ കോൺഗ്രസ് നില മെച്ചപ്പെടുത്തിയിരുന്നത്. എന്നാൽ, 2022ൽ കോൺഗ്രസിനെ ബി.ജെ.പി തൂത്തെറിഞ്ഞപ്പോൾ, പാർട്ടി പ്രചാരണങ്ങളിലുൾപ്പെടെ വേണ്ടത്ര താത്പര്യം കണിച്ചില്ലെന്ന ആരോപണങ്ങളാണ് ഉയരുന്നത്. ഗുജറാത്തിൽ ബി.ജെ.പിയുടെ എതിരാളികൾ തങ്ങളാണ് എന്ന നിലയിൽ പ്രചാരണം തുടങ്ങിയ ആം ആദ്മി പാർട്ടി കൃത്യമായും നോട്ടമിട്ടിരുന്നത് കോൺഗ്രസിന്റെ പാരമ്പര്യ വോട്ടുകളിലാണ്. അവരുടെ ഹിന്ദു പ്രീണന പ്രചാരണങ്ങൾ കൂടിയായതോടെ കോൺഗ്രസ് നിശബ്ദത പാലിച്ച്, പ്രചാരണ സമയത്തു തന്നെ തോൽവി സമ്മതിച്ചു.
പാർട്ടി സ്ഥാനാർഥികൾക്ക് ദേശീയ നേതൃത്വത്തിൽ നിന്ന് ആവശ്യമായ ഫണ്ടോ കൃത്യമായ നിർദേശങ്ങളോ സഹായങ്ങളോ ലഭിച്ചില്ലെന്ന ആരോപണവും സ്ഥാനാർഥികൾ ഉയർത്തുന്നുണ്ട്. ബി.ജെ.പി പണമൊഴുക്കി പ്രചാരണം നടത്തുമ്പോൾ, കോൺഗ്രസിന്റെ പല സ്ഥാനാർഥികളും സ്വന്തം കീശയിൽ നിന്ന് വരെ ഫണ്ട് ചെലവഴിച്ച് പ്രചാരണം നടത്തേണ്ടി വന്നതായും ആരോപണം ഉയരുന്നു.
കോൺഗ്രസ് വിട്ട് ആംആദ്മി പാർട്ടിയിൽ ചേരുകയും പിന്നീട് തിരിച്ചു വരികയും ചെയ്ത ഇന്ദ്രാനിൽ രാജ് ഗുരു രാജ്കോട്ടിൽ അതിശക്തമായ സാന്നിധ്യമാണ്. ആകെ അദ്ദേഹത്തിന് കിട്ടിയ സഹായം രാജ്കോട്ടിലെ റാലിക്കായി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ നിന്ന് വഴിമാറി എന്നത് മാത്രമാണ്.
കോൺഗ്രസ് പ്രധാന നേതാക്കൻമാരെ അഹമ്മദാബാദിലേക്ക് അയച്ചില്ല. പവൻ ഖേരയെപ്പോലെ പ്രചാരണത്തിന് എത്തിയവർ വളരെ ചുരുക്കം ചിലർ മാത്രമായിരുന്നു. മറ്റുള്ളവർ അഹമ്മദാബാദിലെ കോൺഗ്രസ് ഭവൻ വിട്ട് ഇറങ്ങുകയും ചെയ്തില്ല. പാർട്ടി പ്രവർത്തകരുമായി ആശയ വിനിമയം ഉണ്ടായില്ല, സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും വളരെ മോശമായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പോലും പ്രചാരണത്തിന് എത്തിയത് വളരെ വൈകിയാണെന്നും ആരോപണമുയരുന്നു.
രാഹുൽ ഗാന്ധിയുടെ യാത്ര, സമീപ സംസ്ഥാനങ്ങളിലൂടെ മുന്നേറുമ്പോൾ, തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിനെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിന് കോൺഗ്രസിനുപോലും ഉത്തരമില്ല. ബി.ജെ.പി ലക്ഷ്യമിടുന്ന, കോൺഗ്രസ് ശക്തികേന്ദ്രമായ സൗരാഷ്ട്ര പോലുള്ള ഇടങ്ങളിലെങ്കിലും യാത്ര കടന്നുവരേണ്ടതായിരുന്നുവെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അത് കൂടുതൽ സഹായകരമായേനെ എന്നും കോൺഗ്രസ് പ്രവർത്തകരും സ്ഥാനാർഥികളും ഒരുപോലെ കരുതുന്നു.
കെട്ടിയിറക്കുന്ന നേതാക്കൾക്കും തന്ത്രങ്ങൾക്കും ഒന്നും ചെയ്യാനാകില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇവിടെ വർഷങ്ങളായുള്ള കോൺഗ്രസുകാരോട് എന്താണ് വേണ്ടതെന്നുപോലും ഇതുവരെ കോൺഗ്രസ് നേതാക്കൾ അന്വേഷിച്ചിട്ടില്ലെന്നും പ്രവർത്തകർ വിമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.