''ഒരു സമ്പന്ന കുടുംബത്തിലെ കുട്ടിയാണെങ്കിൽ നിങ്ങൾ അവളെ അതേ രീതിയിൽ സംസ്‌കരിക്കുമോ ?''; ഹാഥറസ് കേസിൽ അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ മൃതദേഹം അർധ രാത്രിയിൽ സംസ്കരിച്ച സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈകോടതി. ദാരുണമായി കൊല്ലപ്പെട്ടത് ഒരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയാണെങ്കിൽ നിങ്ങൾ അവളെ അതേ രീതിയിൽ സംസ്‌കരിക്കുമായിരുന്നോ എന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാറിനോട് ലഖ്നോ ബെഞ്ച് ചോദിച്ചു.
പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ സംസ്കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബത്തിനായി ഹാജരായ അഡ്വ. സീമ കുശ്വാഹ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ വിമർശനം.
സംസ്ഥാന അധികാരികളുടെ ശക്തമായ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നതിനാൽ കേസ് വളരെയധികം പൊതു പ്രാധാന്യമുള്ളതാണ്. മരണപ്പെട്ട ഇരയുടെ മാത്രമല്ല അവളുടെ കുടുംബാംഗങ്ങളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
1995ലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച കോടതി, ജീവിക്കാനുള്ള അവകാശം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ അന്തസിനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കൂടാതെ, അന്തസിനുള്ള അവകാശത്തിൽ ഒരു മൃതദേഹത്തിന് ന്യായമായ പരിചരണം ഉറപ്പാക്കുന്നതും ഉൾപ്പെടുന്നതായി ഹൈകോടതി ബെഞ്ച് വ്യക്തമാക്കി.
അവൾ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്ന് എങ്ങനെ അറിയാം? അന്വേഷണം അവസാനിച്ചിട്ടുണ്ടോ? 2013ലെ പുതിയ ബലാത്സംഗ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസിന്‍റെ അന്വേഷണം പോകേണ്ടതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാറിനോട് കോടതി നിർദേശിച്ചു.
സംസ്കാരത്തിൽ പങ്കെടുക്കാൻ തങ്ങളെ അനുവദിച്ചില്ലെന്നും ജില്ല മജിസ്ട്രേറ്റ് സമ്മർദം ചെലുത്തിയെന്നും പെൺകുട്ടിയുടെ കുടുംബം കോടതിയിൽ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും യു.പി പൊലീസിൽ വിശ്വാസമില്ലെന്നും വ്യക്തമാക്കിയ കുടുംബം, കേസ് നടത്തിപ്പ് യു.പിക്ക് പുറത്തേക്ക് മാറ്റണമെന്നും സുരക്ഷ ആവശ്യമാണെന്നും ആവശ്യപ്പെട്ടു.
കൂടാതെ, സി.ബി.ഐ അന്വേഷിക്കുന്ന കേസിലെ വിവരങ്ങൾ രഹസ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.