'നിങ്ങളുടെ ചായ എനിക്ക് വേണ്ട, ഇതിൽ വിഷം കലർത്തിയിട്ടുണ്ടാകും'; പൊലീസ് നൽകിയ ചായ നിരസിച്ച് അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: ലഖ്നോ പൊലീസ് സ്റ്റേഷനിലെത്തിയ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പൊലീസ് നൽകിയ ചായ നിരസിച്ചു. പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ ഇതിൽ വിഷം കലർത്തിയിട്ടുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. സമാജ്‌വാദി പാർട്ടി പ്രവർത്തകൻ മനീഷ് ജഗൻ അഗർവാളിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച ലഖ്‌നോവിലെ പൊലീസ് ആസ്ഥാനം സന്ദർശിച്ചപ്പോഴായിരുന്നു സംഭവം.
ചായ നൽകിയപ്പോൾ അഖിലേഷ് പൊലീസുമായി വാക്കുതർക്കത്തിലേർപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. "ഞാൻ ഈ ചായ കുടിക്കില്ല. ഇതിൽ വിഷം കലർന്നിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും?. എനിക്ക് നിങ്ങളെ ഒട്ടും വിശ്വാസമില്ല. വേണമെങ്കിൽ ഞാൻ പുറത്ത് നിന്ന് വാങ്ങി കുടിച്ചോളാം"- അഖിലേഷ് പൊലീസിനോട് പറഞ്ഞു.
അതേസമയം, മനീഷ് ജഗൻ അഗർവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഡി.ജി.പി ഹെഡ് ഓഫീസിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധം ആരംഭിച്ചു. പാർട്ടിയുടെ പേജിലൂടെ സമൂഹമാധ്യമങ്ങളിൽ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് മനീഷ് ജഗൻ അഗർവാളിനെ ലഖ്‌നോ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.