അക്രമികൾക്ക് പാസ് നൽകിയത് ഉവൈസിയോ ഡാനിഷ് അലിയോ ആയിരുന്നെങ്കിൽ എന്താകും സ്ഥിതി -രാജ്ദീപ് സർദേശായി
text_fieldsന്യൂഡൽഹി: പാർലമെന്‍റിൽ അക്രമികൾ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. അക്രമികൾക്ക് പാസ് നൽകിയത് വേറെ ഏതെങ്കിലും എം.പിമാരായാരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി എന്നാണ് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.
‘പാർലമെന്‍റിൽ അതിക്രമിച്ച് കയറിയവർക്ക് പാസ് നൽകിയത് എം.പിമാരായ ഉവൈസിയോ ഡാനിഷ് അലിയോ ആയിരുന്നെങ്കിലോ? ചിന്തിച്ചുനോക്കുക...’ -എന്നായിരുന്നു രാജ്ദീപിന്‍റെ കുറിപ്പ്.
Midnight musing: what if the MP who had given visitor pass to an intruder was Asad Owaisi or Danish Ali? Think. Good night, shubhratri.
— Rajdeep Sardesai (@sardesairajdeep) December 13, 2023
നേരത്തെ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. പിടിയിലായ പ്രതികൾ മുസ്‍ലിം പേരുകാരോ, അവർക്ക് പാസ് നൽകിയത് ബി.ജെ.പി എം.പിക്ക് പകരം പ്രതിപക്ഷക്കാരനോ ആയിരുന്നെങ്കിൽ രാജ്യം നിന്നുകത്തിയേനേയെന്നാണ് ബിനോയ് വിശ്വം എം.പി പറഞ്ഞത്.
ഇന്നലെയാണ് രാജ്യം ഞെട്ടിയ സുരക്ഷാ വീഴ്ച പാർലമെന്‍റിൽ ഉണ്ടായത്. പാർലമെന്‍റിൽ കയറിക്കൂടിയ ആക്രമികൾ ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിവീണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മൈസുരുവിൽനിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസിൽ സന്ദർശക ഗാലറിയിലെത്തിയ രണ്ടുപേരാണ് അതിക്രമം കാട്ടിയത്. ഉത്തർപ്രദേശിൽ നിന്നുള്ള സാഗർ ശർമയും മൈസുരു സ്വദേശി മനോരഞ്ജൻ ഗൗഡയും ആണ് പിടിയിലായത്. പാർലമെന്റ് വളപ്പിനു പുറത്ത് ഇതേ സംഘത്തിൽപെട്ട ഹരിയാനക്കാരി നീലവും മഹാരാഷ്ട്രയിൽനിന്നുള്ള അമോൽ ഷിൻഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തിയതോടെ പൊലീസിന്‍റെ പിടിയിലായിരുന്നു.
രാത്രിയോടെ ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായും പിടിയിലായിരുന്നു. രക്ഷപ്പെട്ട മറ്റൊരു സംഘാംഗം വിക്രം എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിട്ടുണ്ട്.
പ്രതികൾ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകപ്രശ്നം, മണിപ്പൂർ എന്നീ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി. മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തൽ. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.