Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Agneepath scheme
cancel
Homechevron_rightNewschevron_rightIndiachevron_rightഎന്താണ് 'അഗ്നിപഥ്'...

എന്താണ് 'അഗ്നിപഥ്' പദ്ധതി? പ്രത്യേകതകൾ, വിമർശനങ്ങൾ

text_fields
bookmark_border
Listen to this Article

കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ 'അഗ്നിപഥ്' പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരിക്കുകയാണ്.

എന്താണ് 'അഗ്നിപഥ്' പദ്ധതി‍?

പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീരന്മാർ' എന്നറിയപ്പെടും. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.




റിക്രൂട്ട്മെന്‍റ് നടപടികൾ

നിലവിൽ സൈന്യത്തിൽ ചേരാനുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്നിപഥിനും തുടരും. റാലികളിലൂടെ വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്മെന്റ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക. തുടക്കത്തിൽ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപയായി വർധിക്കും. ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുമ്പോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.

പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ

സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നൽകി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ഇവരുടെ വിമർശനം.




ചെലവു കുറക്കാനുള്ള സർക്കാറിന്‍റെ നീക്കമോ

പ്രതിരോധ മേഖലയിൽ ചെലവു കുറക്കാനുള്ള സർക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് വിമർശനമുണ്ട്. കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്നിപഥിൽ ചെയ്യുന്നത്. പിരിഞ്ഞുപോകുമ്പോൾ ഇവർക്ക് നിശ്ചിത തുക നൽകുക മാത്രമാണ് ചെയ്യുന്നത്. പെൻഷനോ പൂർവ സൈനികർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഓരോ വർഷവും ഇങ്ങനെ സൈന്യത്തിലേക്ക് താൽക്കാലിക സർവിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സർക്കാർ പരിപാടി എന്നവർ ആരോപിക്കുന്നു. പ്രതിരോധ പെൻഷൻ തുകയിൽ ഗണ്യമായ കുറവുണ്ടാകും.




സൈന്യത്തിന് യുവത്വം നൽകുമെന്ന് സർക്കാർ

സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കുമെന്നതും അവർ നേട്ടമായി പറയുന്നു. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും. അഗ്നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നുമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyAgnipath
News Summary - What is Agneepath scheme
Next Story