272 സീറ്റ് ലഭിച്ചില്ലെങ്കിൽ ബി.ജെ.പിക്ക് പ്ലാൻ ബിയുണ്ടോ ? മറുപടി നൽകി അമിത് ഷാ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബി.ജെ.പിക്ക് പ്ലാൻ ബിയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 272 സീറ്റിന് താഴെ ബി.ജെ.പി ഒതുങ്ങുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അതിനാൽ പ്ലാൻ ബി ഇല്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.
എൻ.ഡി.എ സർക്കാറിന്റെ ആനുകൂല്യങ്ങൾ ലഭിച്ച 60 കോടി ജനങ്ങൾ മോദിക്ക് പിന്നിലുണ്ട്. അവർക്ക് മതമോ പ്രായമോയില്ല. അവർ ബി.ജെ.പിയെ 400 സീറ്റിലെത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം.
ബി.ജെ.പിയുടെ പ്ലാൻ എ തന്നെ വിജയിക്കും. പ്ലാൻ ബി ആവശ്യമായി വരുന്ന സാഹചര്യം 60 ശതമാനത്തിൽ താഴെ മാത്രമാണ്. വലിയ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേക്ക് എത്തും. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് മോദി എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സഖ്യം ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്ന രീതിയിൽ വിഭജനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി ഏറ്റവും വലിയ പാർട്ടിയായി ദക്ഷിണേന്ത്യയിൽ ഉയർന്നു വരും. പ്രത്യേക രാജ്യമെന്ന നിലപാട് ആരെങ്കിലും ഉയർത്തിയാൽ അത് എതിർക്കപ്പെടേണ്ടതാണ്. കോൺഗ്രസിന്റെ അജണ്ടയെ കുറിച്ച് രാജ്യത്തെ ജനങ്ങൾ ചിന്തിക്കണം. 400 സീറ്റിലേറെ ലഭിച്ചാൽ മാത്രമേ രാജ്യത്ത് രാഷ്ട്രീയത്തിൽ സ്ഥിരത കൊണ്ടു വരാൻ സാധിക്കുവെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.