രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മോദി; രാജ്യം സന്തോഷത്തിലെന്ന് നദ്ദ
text_fieldsന്യൂഡൽഹി: വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രാജ്യത്തെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയോടായിരുന്നു മോദിയുടെ ചോദ്യം.
ആറ് ദിവസത്തെ വിദേശയാത്രക്ക് ശേഷം തിങ്കാളാഴ്ച പുലർച്ചെയാണ് മോദി ഡൽഹിയിലെത്തിയത്. യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നടത്തിയ യാത്രയിൽ നിരവധി സുപ്രധാന കരാറുകളിലും മോദി ഒപ്പുവെച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയവരായിരുന്നു മോദിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തിലെത്തിയ മോദി ജെ.പി നദ്ദയോടായിരുന്നു രാജ്യത്തെ വിശേഷങ്ങൾ ചോദിച്ചത്. ബി.ജെ.പി സർക്കാരിന്‍റെ ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ പാർട്ടി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ആയിരുന്നു നദ്ദയുടെ മറുപടിയെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി പറഞ്ഞു. ജനങ്ങൾ സന്തുഷ്ടരാണെന്നും രാജ്യം സന്തോഷത്തിലാണെന്നും നദ്ദ പറഞ്ഞതായി തിവാരി കൂട്ടിച്ചേർത്തു.
ജൂൺ 20നായിരുന്നു പ്രധാനമന്ത്രി തന്‍റെ യു.എസ് സന്ദർശനം ആരംഭിച്ചത്. ജൂൺ 21 ന് 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സ്മരണയ്ക്കായി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന ചരിത്രപരമായ പരിപാടിയിലും മോദി പങ്കെടുത്തിരുന്നു. പ്രതിരോധം, ബഹിരാകാശം, വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി ചർച്ച നടത്തിയിരുന്നു.
യു.എസ് സന്ദർശനം കഴിഞ്ഞ് ശനിയാഴ്ചയാണ് മോദി ഈജിപ്തിലെത്തുന്നത്. ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് നൈൽ' പുരസ്‌കാരം പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി മോദിക്ക് കൈമാറി. വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളെ കുറിച്ചായിരുന്നു ഇരു രാജ്യങ്ങളുടെയും ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.