എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്? സാമുദായിക വിദ്വേഷത്തിലേക്ക് നയിച്ചതെന്ത്?
text_fieldsന്യൂഡൽഹി: സമാധാനാന്തരീക്ഷം ചുട്ടുചാമ്പലാക്കി മണിപ്പൂരിൽ കത്തിയാളുന്നത് സാമുദായിക വിദ്വേഷം. കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദേശം നൽകേണ്ടി വന്ന സാഹചര്യത്തിലേക്ക് മണിപ്പൂരിനെ നയിച്ചതിൽ ഭരണകക്ഷിയായ ബി.ജെ.പി പ്രതിക്കൂട്ടിൽ.
സംസ്ഥാനത്ത് പ്രബലമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. എന്നാൽ അതൊരു ഏറ്റുമുട്ടൽ വിഷയമായി മാറിയത് മറ്റു സാമുദായിക സംഘർഷങ്ങൾ കൊണ്ടു കൂടിയാണ്.
മണിപ്പൂരിന്റെ 10 ശതമാനം മാത്രം താഴ്വാര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തേയി വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തേയി വിഭാഗക്കാരാണ് താഴ്വരയിൽ ഏറിയ പങ്കും.
സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വാര മേഖലകളിലാണ്. അതുകൊണ്ട് ഭരണനിയന്ത്രണവും അവർക്കു തന്നെ. ഇവർക്ക് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകണമെന്നും കഴിഞ്ഞ മാസം ഹൈകോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുകി ഗോത്രവർഗക്കാരെ രോഷാകുലരാക്കി.
പർവത മേഖലയിലെ കഠിന ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഗോത്രവർഗക്കാരുടെ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് അവിടങ്ങളിൽ കഴിയുന്നവരുടെ രോഷം തിളച്ചു മറിഞ്ഞത്. ഇതിനൊപ്പം മറ്റൊരു വിഷയം കൂടി കത്തുകയാണ്.
മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ താഴ്വാര പ്രദേശം കൈയടക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും, ഇത്തരം മേഖലകളിൽ ഒഴിപ്പിക്കലിന് സർക്കാർ മുന്നിട്ടിറങ്ങിയതും സാമുദായിക ചേരിതിരിവുകൾ വർധിപ്പിച്ചു. ഇത് എരിതീയിൽ എണ്ണയായി.
ചോര ചിന്തി രണ്ടു കൂട്ടരും ഏറ്റുമുട്ടൽ നടത്തുന്നതിനിടയിൽ, ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാതിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. മണിപ്പൂരിലെ തീയണക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം മറന്ന് കർണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന് പറന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന ആരോപണവും ഉയർന്നു.
ബി.ജെ.പി അധികാരത്തിൽ വന്ന് 15 മാസങ്ങൾക്കകം സംസ്ഥാനത്തെ ഇത്തരത്തിൽ സാമുദായിക സംഘർഷത്തിലേക്ക് നയിച്ചുവെന്നും വോട്ടുരാഷ്ട്രീയക്കളി നടത്തുകയാണെന്നും കോൺഗ്രസും മറ്റു പാർട്ടികളും കുറ്റപ്പെടുത്തി. അധികാരം നിലനിർത്തുന്നതിന് സാമുദായിക ധ്രുവീകരണ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.