ഗുജറാത്ത് ഹൈകോടതിയിൽ എന്താണ് സംഭവിക്കുന്നത്? സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയെ അതിനിശിതമായി വിമർശിച്ച് സുപ്രീംകോടതി. ‘ഗുജറാത്ത് ഹൈകോടതിയിൽ എന്താണ് സംഭവിക്കുന്നതെന്ന്’ പരമോന്നത നീതിപീഠം ചോദിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയെ ഗർഭഛിദ്രത്തിന് അനുവദിക്കാത്തതിന് സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചപ്പോൾ സ്വന്തം നടപടി ന്യായീകരിക്കാൻ മാത്രം ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് സമീർ ദവെ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചതിനെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ച് ചോദ്യംചെയ്തത്. സുപ്രീംകോടതി ഉത്തരവിന് തിരിച്ചടി നൽകാൻ ഒരു ജഡ്ജിക്കുമാവില്ലെന്ന് ബെഞ്ച് ഗുജറാത്ത് ഹൈകോടതിയെ ഓർമിപ്പിച്ചു. ഹൈകോടതി ഉത്തരവ് റദ്ദാക്കി 27 ആഴ്ചത്തെ ഗർഭം ഒഴിവാക്കാൻ അതിജീവിതക്ക് സുപ്രീംകോടതി അനുമതി നൽകി.
ഇതാദ്യമായല്ല ഗുജറാത്ത് ഹൈകോടതിയിൽനിന്നുള്ള വിധികളെ സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശിക്കുന്നത്. സുപ്രീം കോടതി അപ്പീൽ പരിഗണിച്ച കേസിൽ സ്വന്തം ഭാഗം ന്യായീകരിക്കാനായി ഗുജറാത്ത് ഹൈകോടതി പുതിയൊരു ഉത്തരവുമായി രംഗത്തുവന്നതാണ് ഒടുവിലത്തെ പ്രകോപനം.
സുപ്രീംകോടതി ഉത്തരവുകൾക്കുള്ള ഹൈകോടതിയുടെ എതിർവെടി തങ്ങൾ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. എന്താണ് ഗുജറാത്ത് ഹൈകോടതിയിൽ സംഭവിക്കുന്നത്? മേൽകോടതിയുടെ ഉത്തരവിന് ഈ തരത്തിൽ ജഡ്ജിമാർ മറുപടി പറയുകയോ? ഇത് തങ്ങൾ അംഗീകരിക്കില്ല. സുപ്രീംകോടതി പറഞ്ഞത് മറികടക്കാനാണ് ഹൈകോടതി ജഡ്ജിമാർ ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. ഒരു ഹൈകോടതി ജഡ്ജിക്കും സ്വന്തം ഉത്തരവ് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു.
ഹൈകോടതി തള്ളിയ അതിജീവിതയുടെ ഹരജി സുപ്രീംകോടതി ഏറ്റെടുത്തശേഷം ഇങ്ങനെ ‘സ്വമേധയാ ഒരു ഉത്തരവ്’ ഹൈകോടതി ഇറക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ അമ്പരപ്പ് പ്രകടിപ്പിച്ചു. സ്വന്തം ഉത്തരവ് ന്യായീകരിക്കാൻ ജഡ്ജിമാർ ആരും തുടർ ഉത്തരവുകൾ ഇറക്കാറില്ല. ഗുജറാത്ത് ഹൈകോടതിയുടെ നിലപാട് ഭരണഘടന തത്ത്വത്തിനെതിരാണ്. ബലാത്സംഗത്തിനിരയായ സ്ത്രീയോട് ഗർഭം ചുമക്കാൻ നിർബന്ധിക്കുന്ന വ്യവസ്ഥവെക്കാൻ എങ്ങനെ കഴിയുമെന്ന് ഗുജറാത്ത് ജഡ്ജിയോട് ജസ്റ്റിസ് ഭുയാൻ ചോദിച്ചു.
ഗുജറാത്ത് ഹൈകോടതി ജഡ്ജിക്കെതിരായ അതിരൂക്ഷ വിമർശനത്തിനിടെ കോടതിയിൽ വൈകിയെത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഏറ്റവും നല്ല ജഡ്ജിയായ അദ്ദേഹത്തെ ഇനിയും കുറ്റം പറയരുതെന്ന് അപേക്ഷിച്ചു. തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്നും ഹൈകോടതിയുടെ വിവാദ ഉത്തരവ് അവഗണിക്കണമെന്നും മേത്ത ബെഞ്ചിനോട് അഭ്യർഥിച്ചു. വിചിത്ര ഉത്തരവ് പിൻവലിക്കാൻ ഗുജറാത്ത് ഹൈകോടതി ജഡ്ജിയോട് സർക്കാർ ആവശ്യപ്പെടാമെന്നും മേത്ത അറിയിച്ചു.
ഹൈകോടതി ഉത്തരവിലേക്ക് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ തന്നെ ശ്രദ്ധ ക്ഷണിക്കുമ്പോൾ തങ്ങൾക്കെങ്ങനെ അവഗണിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെതിരെ എതിർവെടിയുതിർക്കാൻ ഒരു ജഡ്ജിക്കും കഴിയില്ലെന്നും അവർ വ്യക്തമാക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.