എന്താണ് 'കങ്കാരു കോടതി'?
text_fields19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലാണ് 'കങ്കാരു കോടതി' എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഭരണകൂടത്തിന്റെയോ ഔദ്യോഗിക നീതിന്യായ സംവിധാനത്തിന്റെയോ അംഗീകാരമില്ലാതെ നിലനിൽക്കുകയും തോന്നുംപടി ശിക്ഷാ വിധികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് 'കങ്കാരു കോടതി' എന്നു വിളിക്കുന്നത്. നിയമ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ വിചാരണ പോലുള്ള കാര്യങ്ങൾ ഇതിലുണ്ടാകണമെന്നില്ല. പെട്ടെന്ന് തീർപ്പുകൽപ്പിക്കുന്നു.
ജസ്റ്റിസ് സത്യബ്രത സിൻഹയുടെ സ്മരണാർഥമുള്ള പ്രഥമ പ്രഭാഷണത്തിലാണ് മാധ്യമങ്ങളുടെ 'കങ്കാരു കോടതി' ജനാധിപത്യത്തെ തകർക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചൂണ്ടിക്കാട്ടിയത്. മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസുകളിൽ തീരുമാനമെടുക്കുന്നതിൽ മാധ്യമ വിചാരണ കാരണമാകരുത്. പരിണിതപ്രജ്ഞരായ ജഡ്ജിമാർ ചില വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടി നിൽക്കുമ്പോൾ മാധ്യമങ്ങൾ 'കങ്കാരു കോടതി'കളുമായി മുന്നോട്ടു പോവുകയാണ്. മാധ്യമങ്ങളുടെ മുൻധാരണയോടെയുള്ള സമീപനം ജനങ്ങളെ ബാധിക്കുന്നുണ്ട്.
അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. വ്യവസ്ഥക്കാകെ ദോഷമാകുന്നു. ഇത് നീതി നടപ്പാക്കുന്നതിന് തടസ്സമാകുന്നു. അതിരുകടന്നുള്ള നടപടിയും ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യത്തെ രണ്ടടി പിന്നോട്ടുവലിക്കുന്നുവെന്നും ജസ്റ്റിസ് എൻ.വി. രമണ ചൂണ്ടിക്കാട്ടി.
അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോഴും വിശ്വാസ്യതയുണ്ടെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഇത് ഒട്ടുമില്ല. അവർ കാണിക്കുന്നത് വായുവിൽ അലിഞ്ഞുപോവുകയാണ്. ചില സമയങ്ങളിൽ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിൽ ജഡ്ജിമാർക്കെതിരെ സംഘടിത കാമ്പയിനുകളുണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മൂലം കർശന മാധ്യമനിയന്ത്രണം വേണമെന്ന ആവശ്യമുണ്ട്. മാധ്യമങ്ങൾ സ്വയം വിലയിരുത്തി, സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. വെറുതെ കടന്നുകയറി, കോടതിയുടെയും സർക്കാറിന്റെയും ഇടപെടൽ ക്ഷണിച്ചുവരുത്തരുതെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.