എം.ഐ 17 വി-അഞ്ച്: വ്യോമസേനയുടെ വിശ്വസ്ത കോപ്ടർ
text_fieldsരാജ്യത്തെ ഏറ്റവും അത്യാധുനികവും സുരക്ഷിതവുമായ സൈനിക ഹെലികോപ്ടറാണ് എം.ഐ 17 വി-അഞ്ച്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ സഞ്ചരിച്ച എം.ഐ 17 വി-അഞ്ച് കോപ്ടറാണ് ഊട്ടിയിലെ കൂനൂരിൽ അപ്രതീക്ഷിതമായി കത്തിയമർന്നത്. കോപ്ടർ എങ്ങനെ തകർന്നു വീണു എന്നതിനെ കുറിച്ച് സൈന്യവും അന്വേഷണം തുടങ്ങി.
എന്താണ് എം.ഐ 17 വി-അഞ്ച് കോപ്ടർ?
ഇന്ത്യൻ വ്യോമ സേന ഉപയോഗിക്കുന്ന അത്യാധുനിക ട്രാൻസ്പോർട്ട് ഹെലികോപ്റടാണ് എം.ഐ 17 വി-അഞ്ച്. ജീവനക്കാരെയും ചരക്കുകളും ഉപകരണങ്ങളും കൊണ്ടുപോകുന്നതിനുമായി രൂപകൽപന ചെയ്തതാണിത്. കൂടാതെ, തന്ത്രപരമായ വ്യോമാക്രമണങ്ങൾക്ക് സൈന്യത്തെയും രഹസ്യാന്വേഷണ സംഘങ്ങളെയും വിന്യസിക്കാനും ലക്ഷ്യ സ്ഥാനത്ത് ഇറക്കുന്നതിനും ഈ കോപ്റ്ററിന് കഴിയും.
ആധുനിക ഏവിയോണിക്‌സ് (വിമാനത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ്) സംവിധാനങ്ങളുള്ള ഈ ഹെലികോപ്റ്ററിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിലും രാവും പകലും പറക്കാനും ഇറങ്ങാനും കഴിയും. ചരക്കുകൾ കൊണ്ടുപോകുന്നതിന് മാത്രമല്ല, ഓപറേഷൻ മേഖലകളിൽ സൈന്യത്തെ വിന്യസിക്കാനും രാജ്യത്തുടനീളം സുരക്ഷ, ദുരന്തനിവാര പ്രവർത്തനങ്ങൾക്കും ഇന്ത്യൻ വ്യോമസേന ഈ കോപ്ടർ ഉപയോഗിക്കുന്നുണ്ട്.
സുലൂർ എയർബേസാണ് എം.ഐ 17 വി-അഞ്ച് കോപ്ടറുകളുടെ പ്രവർത്തന കേന്ദ്രം. റഷ്യ രൂപകൽപന ചെയ്ത ഹെലികോപ്റ്ററിന് ഏത് അർധ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും എവിടെയും ഇറങ്ങാനാകും. പരാമാവധി 13,000 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും.
ഏതാനും വർഷം മുമ്പാണ് എം.ഐ 17 കോപ്ടർ ഇന്ത്യ വാങ്ങുന്നത്. ഇന്ത്യൻ എയർഫോഴ്‌സിന്‍റെ മധ്യ മീഡിയം ട്രാൻസ്‌പോർട്ട് വിഭാഗത്തിന്‍റെ നട്ടെല്ലാണ് ഈ കോപ്ടറുകൾ. പ്രധാനമന്ത്രിയുൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഉപയോഗിക്കുന്ന വിശ്വസ്ത കോപ്ടറാണ് റഷ്യ നിർമിത ചോപ്പർ. ഈ വിഭാഗത്തിലെ ഏറ്റവും അത്യാധുനിക കോപ്ടറാണ് എം.ഐ 17 വി-അഞ്ച്. 2018ലാണ് അവസാന ബാച്ച് കോപ്ടറുകൾ റഷ്യ ഇന്ത്യക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.