സാരിയുടുത്താൽ കാൻസർ വരുമോ?
text_fieldsഇന്ത്യൻ സ്ത്രീകളുടെ ഐഡന്റിറ്റിയാണ് സാരി. അഞ്ചര മീറ്റർ നീളമുള്ള മനോഹരമായ വസ്ത്രം. സാരിയോട് ഇഷ്ടമില്ലാത്ത സ്ത്രീകളുണ്ടാവില്ല. എന്നാൽ മറ്റ് വസ്ത്രങ്ങളെ പോലെയല്ല, സാരിയുടുക്കുന്നതിൽ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കാൻസർ വരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സാരി ധരിക്കുന്നത് മൂലമുണ്ടാകുന്ന അർബുദം ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. കാരണം ഏറ്റവും കൂടുതൽ സാരി ധരിക്കുന്നത് ഇന്ത്യയിലെ സ്ത്രീകളാണ് എന്നതു തന്നെ.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചില സ്ത്രീകൾ സാരി ഒഴികെ മറ്റൊരു വസ്ത്രവും ധരിക്കാറില്ല. അതായത് വർഷത്തിൽ 12 മാസവും ആഴ്ചയിൽ ഏഴു ദിവസവും അവർ സാരി ധരിക്കും. സാരി വലിച്ചുകെട്ടാൻ അടിയിൽ പാന്റ് പോലെയോ പാവാട പോലെയോ ഉള്ള കോട്ടൺ വസ്ത്രം ധരിക്കും.
മുറുകിയിരിക്കുന്ന വസ്ത്രം സ്ത്രീകൾ കുറെ കാലം ഉപയോഗിക്കുകയാണെങ്കിൽ അരഭാഗത്ത് ഉരഞ്ഞ് അവിടെയുള്ള ചർമം കറുത്ത നിറമായി മാറുന്നു. ഇതു തുടർന്നുകൊണ്ടേയിരിക്കുമ്പോഴാണ് അർബുദവും തുടങ്ങുന്നതെന്ന് ഡൽഹിയിലെ പി.എസ്.ആർ.ഐ ഹോസ്പിറ്റലിലെ കാൻസർ സർജൻ ഡോ. വിവേക് ഗുപ്ത പറയുന്നത്.
സാരി നന്നായി വൃത്തിയാക്കണം. ശുചിത്വപ്രശ്നമാണ് ഇത്തരത്തിലുള്ള കാൻസർ വരാൻ പ്രധാന കാരണം. ഉയർന്ന ചൂടും ഈർപ്പവും ഉള്ള സ്ഥലങ്ങളിൽ ഈ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. സാരി ധരിക്കുന്നത് മൂലമുള്ള അർബുദം ബിഹാർ, ഝാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഒരു ശതമാനം വരും ഇത്. മെഡിക്കൽ ഭാഷയിൽ സ്ക്വാമോസ് സെൽ കാർസിനോമ എന്നാണ് ഇതിന്റെ പേര്.
ബോംബെ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഈ അസുഖത്തിന് സാരി കാൻസർ എന്ന് പേരിട്ടത്. ആശുപത്രിയിലെ 68കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 13 വയസുള്ളപ്പോൾ തൊട്ട് ഈ സ്ത്രീ സാരിയുടുക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ മനസിലാക്കിയത്.
സാരി കാൻസർ പോലെ കശ്മീരിൽ കംഗ്രി കാൻസറും ഉണ്ട്. കശ്മീരിൽ മാത്രമാണ് അത് റിപ്പോർട്ട് ചെയ്തത്.കൊടും ശൈത്യത്തിൽ നിന്ന് രക്ഷതേടാനായി ആളുക തീ കായുന്നത് സ്വാഭാവികമാണ്. ചിലർ തണുപ്പകറ്റാൻ വസ്ത്രങ്ങൾക്കുള്ളിൽ ഒരു മൺപാത്രത്തിൽ തീക്കനലിട്ട് പിടിക്കും. വയറ്റിലും തുടയിലും ഇങ്ങനെ തുടർച്ചയായി ചൂട് അനുഭവപ്പെട്ടാൽ അർബുദത്തിന് കാരണമാകും.
അതുപോലെ ടൈറ്റ്ഫിറ്റ് ആയ ജീൻസ് ധരിച്ചാൽ പുരുഷൻമാരിൽ അർബുദമുണ്ടാകുമെന്ന് കരുതുന്നവരുണ്ട്. അതിൽ സത്യമില്ലെന്ന് പറയാനാകില്ല. മണിക്കൂറുകളോളം ഇറുകിയ വസ്ത്രം ധരിച്ചിരിക്കുന്നത് അത്ര നല്ലതല്ല. ആ ഭാഗത്ത് ഓക്സിജൻ ലഭിക്കാതെ വരും. പുരുഷൻമാരുടെ അടിവയറ്റിൽ ചൂട് കൂടുന്നതിന് ജീൻസ് ധരിക്കുന്നത് കാരണമാകും. അത് ബീജ ഉൽപ്പാദനം കുറയാനും വൃഷണ കാൻസറിന് കാരണമാവുകയും ചെയ്യും. ഇതെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്
അതിനാൽ അസ്വസ്ഥത തോന്നുന്ന രീതിയിൽ ശരീരത്തിൽ ഇറുകിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. അത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരീരത്തിൽ പാടുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. അത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ തൊലി ചുവന്നുതടിക്കുന്നു. ഇറുകിപ്പിടിച്ച അടിവസ്ത്രങ്ങൾ ധരിക്കുമ്പോഴും ഈ ശ്രദ്ധ ആവശ്യമാണ്. ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന വസ്‍ത്രവും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ വളരെ കുറച്ചു സമയമേ ഈ വസ്ത്രം ധരിക്കുന്നുള്ളൂ എന്നൊരു ആശ്വാസമുണ്ട്. അതിനാൽ പ്രശ്നത്തിന്റെ തോതും കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.