പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട പുറത്തുവിടണം -ഇൻഡ്യ
text_fieldsന്യൂഡൽഹി: ഈമാസം 18 മുതൽ 22വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട പുറത്തുവിട്ട് സർക്കാർ സുതാര്യത പുലർത്തണമെന്നും രാജ്യത്തെ ഇരുട്ടിൽ നിർത്തരുതെന്നും ‘ഇൻഡ്യ’ കൂട്ടായ്മ. പാർലമെന്റിൽ ഒരുമിച്ചുനിൽക്കാനും അദാനിവിഷയം ശക്തമായി ഉന്നയിക്കാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇൻഡ്യ യോഗം തീരുമാനിച്ചു. വനിതാ സംവരണ ബിൽ നേരത്തെ പാസാക്കണമെന്ന് ആവശ്യപ്പെടും. സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി മധ്യപ്രദേശിൽ നടക്കും. അടുത്ത യോഗം ഭോപാലിലാണ്.
വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂർ, ചൈനയുടെ നിയമലംഘനങ്ങൾ, സി.എ.ജി റിപ്പോർട്ടുകൾ, അഴിമതികൾ, ഭരണഘടനാസ്ഥാപനങ്ങളെ ദുർബലപ്പെടുത്തൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ മാറ്റിനിർത്തി ജനങ്ങളെ വഞ്ചിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് യോഗശേഷം ഖാർഗെ പറഞ്ഞു. എന്ത് വിലകൊടുത്തും ഐക്യം നിലനിർത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബി.ജെ.പി പരിഭ്രമത്തിലാണെന്നും കോൺഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗോഗോയ്, പ്രമോദ് തിവാരി, രവ്‌നീത് ബിട്ടു, ഡി.എം.കെയുടെ തിരുച്ചി ശിവ, ടി.ആർ. ബാലു, എൻ.സി.പി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, എ.എ.പിയുടെ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർ.ജെ.ഡിയുടെ മനോജ് ഝാ, ജെ.എം.എം നേതാവ് മഹുവ മജ്ഹി, ടി.എം.സിയുടെ ഡെറക് ഒബ്രിയാൻ, സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം, എസ്.പി നേതാവ് രാം ഗോപാൽ യാദവ്, വി.സി.കെ തലവൻ വൈകോ, ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.