ഡൽഹി കലാപക്കേസിൽ പ്രതിയാക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് ഹൈകോടതിയോട് ഉമർ ഖാലിദ്
text_fieldsന്യൂഡൽഹി: 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യു.എ.പിഎ കേസിൽ ഡൽഹി പൊലീസ് തന്നെ പ്രതിയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡൽഹി ഹൈകോടതിയിൽ ചോദ്യമുന്നയിച്ച് മുൻ ജെ.എൻ.യു വിദ്യാർത്ഥി ഉമർ ഖാലിദ്. ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവർക്ക് മുമ്പാകെ ഉമർ ഖാലിദിനുവേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് മുഖേനയാണ് ചോദ്യമുന്നയിച്ചത്.എന്നാൽ, ഗൂഢാലോചന യോഗങ്ങളിൽ പങ്കെടുക്കുകയോ അക്രമത്തിനു ശേഷം ഫോൺ വിളിക്കുകയോ ചെയ്ത നിരവധി പേർക്കെതിരെ ക്രിമിനൽ കുറ്റം ആരോപിക്കപ്പെട്ടിട്ടില്ലെന്നും പൈസ് വാദിച്ചു. ഗൂഢാലോചന യോഗങ്ങളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും സാന്നിധ്യമുണ്ടായിട്ടും കേസിൽ പ്രതികളല്ലാത്ത സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെയും ചലച്ചിത്ര നിർമാതാവ് രാഹുൽ റോയിയെയും അദ്ദേഹം പരാമർശിച്ചു. അക്രമത്തിനുശേഷം ആഹ്വാനം നടത്തിയവരിൽ അഞ്ച് പേരെ പ്രതികളാക്കിയിട്ടില്ല. സബാ ദിവാൻ, രാഹുൽ റോയ് തുടങ്ങിയവരെ ആരെയും പ്രതികളാക്കിയിട്ടില്ല. ഇയാളെയോ ഷർജീൽ ഇമാമിനെയോ പ്രതിയാക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?- അഭിഭാഷകൻ ചോദിച്ചു.
ഖാലിദിന് വേണ്ടിയുള്ള വാദം കേൾക്കുന്നതിനു പുറമേ, ആർ.ജെ.ഡി യുവജന വിഭാഗം നേതാവും ജാമിയ മില്ലിയ ഇസ്‍ലാമിയ വിദ്യാർഥിയുമായ മീരാൻ ഹൈദറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങളും ബെഞ്ച് കേട്ടു.
53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാരാണെന്ന് ആരോപിച്ച് ഖാലിദിനും ഇമാമിനും മറ്റ് നിരവധി പേർക്കുമെതിരെ യു.എ.പി.എ, ഐ.പി.സി വകുപ്പുകൾ പ്രകാരം കേസെടുത്തു. 2022 ഒക്ടോബറിൽ ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിന് ശേഷം കേസിൽ ജാമ്യം തേടി ഖാലിദ് രണ്ടാം തവണ കോടതിയെ സമീപിച്ചു. 2020 സെപ്റ്റംബറിൽ ഡൽഹി പൊലീസ് ഖാലിദിനെ അറസ്റ്റു ചെയ്തത്. അക്രമം നടക്കുമ്പോൾ വടക്കുകിഴക്കൻ ഡൽഹിയിൽ പോലും ഖാലിദ് ഉണ്ടായിരുന്നില്ലെന്ന് പൈസ് പറഞ്ഞു.
അക്രമത്തിന് സാമ്പത്തിക സഹായം നൽകിയെന്ന ആരോപണം ഹൈദറിന്റെ അഭിഭാഷകൻ നിഷേധിച്ചു. ദീർഘനാളത്തെ തടവ് കണക്കിലെടുത്ത് ജാമ്യം തേടി. 2020 ഏപ്രിൽ ഒന്നിനാണ് ഹൈദറിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം സമർപ്പിച്ച ഈ രണ്ട് ജാമ്യാപേക്ഷകൾ കൂടാതെ സഹ പ്രതിയായ ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ 2022 മുതൽ ഹൈകോടതിയിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു. കാലാകാലങ്ങളിൽ വിവിധ ബെഞ്ചുകൾ വാദം കേൾക്കുന്നു. കേസ് ഡിസംബർ 12ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.