ശിരോവസ്ത്രം നിർബന്ധമെന്നതിന്‍റെ അടിസ്ഥാനമെന്ത്? സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശിരോവസ്ത്രം നിർബന്ധമാണെന്നു പറയുന്നതിന്‍റെ അടിസ്ഥാനമെന്തെന്ന് സുപ്രീംകോടതിയിൽ ശിരോവസ്ത്ര നിരോധനത്തിനെതിരെയുള്ള ഹരജികളിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ശിരോവസ്ത്രം അനിവാര്യമായ ആചാരമാണെന്ന് കേരള ഹൈകോടതി വിധിയുള്ളതായി ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ മറുപടി നൽകി. ഖുർആനിക വിധികളും ഹദീസുകളും പരാമർശിച്ച് തല മറയ്ക്കുന്നതും മുഖഭാഗം ഒഴികെ നീളമുള്ള കൈയുള്ള വസ്ത്രം ധരിക്കുന്നതും നിർബന്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇസ്‍ലാമെന്ന പേരിലുള്ള എന്തും തകർക്കാൻ തക്ക അമർഷം ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇന്ന് നിലനിൽക്കുന്നുണ്ട്. ശിരോവസ്ത്ര കേസ് ശരിയായ കാഴ്ചപ്പാടിൽ നാം കണ്ടില്ലെങ്കിൽ പ്രശ്നമുണ്ട്. പശുവിന്‍റെ പേരിലുള്ള ആൾക്കൂട്ട ആക്രമണം നാം കാണുന്നുണ്ടെന്നും രാജീവ് ധവാൻ പറഞ്ഞു. വസ്തുതകൾ മുൻനിർത്തി മാത്രം സംസാരിക്കാൻ ജസ്റ്റിസ് ഗുപ്ത നിർദേശിച്ചപ്പോൾ താൻ വിവേചനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി.
പൊതുഇടങ്ങളിൽ ഉടനീളം ഹിജാബ് അനുവദനീയമാകുമ്പോൾ ക്ലാസ് മുറിയിൽ പാടില്ലെന്നും പൊതുക്രമത്തിന് എതിരാണെന്നും പറയുന്നതിന്‍റെ അടിസ്ഥാനമെന്താണ്. സ്‌കൂളിൽ ബുർഖ ധരിക്കാൻ കഴിയില്ലെന്നു നിങ്ങൾ പറയുമ്പോൾ അത് ന്യായമാണ്, കാരണം നിങ്ങൾക്ക് മുഖം കാണണം. എന്നാൽ, ശിരോവസ്ത്രത്തോട് എന്തു ന്യായമായ എതിർപ്പാണ് ഉണ്ടാവുക എന്നും അഭിഭാഷകൻ ചോദിച്ചു .
ശിരോവസ്ത്രം നിരോധിച്ചുള്ള കർണാടക സർക്കാർ ഉത്തരവിൽ ഒരു അടിസ്ഥാനവുമില്ല. അത് മുസ്ലിംകളെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളെ ലക്ഷ്യമിടുന്നതാണ്. ഭരണഘടനയിൽ ഇത്തരത്തിലുള്ള ലക്ഷ്യം അനുവദനീയമല്ല. വസ്ത്രധാരണത്തിനുള്ള അവകാശം സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. ശിരോവസ്ത്രം ധരിക്കുന്ന വ്യക്തിയോട് മതത്തിന്‍റെയും ലിംഗത്തിന്‍റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര നിരോധനം ശരിവെച്ചുള്ള ഹൈകോടതി വിധിക്കെതിരെ 23 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. വാദംകേൾക്കൽ വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.