'ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ആക്രമിക്കുന്നതിന്‍റെ അർഥമെന്താണ്? ഈ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുക എന്നതാണ്'
text_fieldsഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ആക്രമിക്കുന്നതിന്‍റെ അർഥം രാജ്യത്തെ ജനങ്ങളിൽ വിഭാഗീയതയുണ്ടാക്കുക എന്നതാണെന്ന് മേജർ രവി. ഭീകരർക്ക് ഹിന്ദുവാണോ മുസ്‌ലിമാണോ എന്നൊന്നുമില്ല. അവരെ സംബന്ധിച്ച് എല്ലാവരും ഇന്ത്യക്കാരാണ്. അപ്പോൾ, ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിക്കുന്നത് കശ്മീരിലെ മുസ്‌ലിംകൾ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണെന്നും മേജർ രവി ചാനൽ ചർച്ചയിൽ പറഞ്ഞു.
'ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ആക്രമിക്കുന്നതിന്‍റെ അർഥമെന്താണ്? ഈ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുക എന്നതാണ്. ഇവിടെ മനസ്സമാധാനത്തോടെ ജീവിക്കുന്ന ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഇടയിൽ പ്രശ്നങ്ങളുണ്ടാക്കുക. ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊല്ലുമ്പോൾ അവർ ഉദ്ദേശിക്കുന്നത് മുസ്‌ലിംകളാകെ ഹിന്ദുക്കളെ കൊല്ലാൻ നടക്കുന്നവരാണെന്ന ബോധം ഉണ്ടാക്കിയെടുക്കാൻ തന്നെയാണ്. കശ്മീരിൽ മാത്രമല്ല, പലയിടത്തും ഇതിന്‍റെ പ്രതിഫലനമുണ്ടാകും. അത്തരത്തിൽ തെറ്റിദ്ധാരണ വളർത്തിക്കൊണ്ടുള്ള ഒരു ഭീകരാക്രമണമാണ് നടന്നിരിക്കുന്നത്. ഭീകരർക്ക് ഹിന്ദുവെന്നോ മുസ്‌ലിം എന്നോ ഇല്ല. അവർക്ക് ഇന്ത്യക്കാരെല്ലാം ശത്രുക്കളാണ്. എന്നാൽ, ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ഹിന്ദുക്കളെ കൊല്ലുമ്പോൾ എന്താണ് തോന്നുക. കശ്മീരിലെ മുസ്‌ലിംകൾ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നല്ലേ തോന്നുക. അതാണ് അവർ ഉദ്ദേശിക്കുന്നത്. ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊന്നു എന്ന് കേൾക്കുമ്പോൾ ഇവിടുത്തെ മുസ്‌ലിം സഹോദരരുടെ മനസ്സിനകത്ത് ഒരു ഭീതിയാണ് കേറുന്നത്. ഇതിന്‍റെ പേരിൽ ഇനി വേറൊരു കലാപം ഉണ്ടായേക്കാമെന്ന ഭീതി.
അവർ ഇതുവരെ കൊന്നൊടുക്കിയതിൽ ഭൂരിഭാഗവും സാധാരണക്കാരായ കശ്മീരി മുസ്‌ലിംകളാണ്. കശ്മീരികൾ ഏറെക്കുറെ പേരും നമ്മളെയും സൈന്യത്തെയും സപ്പോർട്ട് ചെയ്യുന്നവരാണ്. പഹൽഗാം രാജ്യത്തെ ഏറ്റവും നിർണായകമായ, വിവിധ സൈനിക ഏജൻസികളുടെ സാന്നിധ്യമുള്ള സ്ഥലമാണ്. അമർനാഥ് ക്ഷേത്രത്തിലെയ്ക്കുള്ള പ്രധാന പാതയും ഇവിടെയാണ്. അത്രയേറെ സുരക്ഷ ഇവിടെയുണ്ട്. എന്നിട്ടും, ഇത് എന്തുകൊണ്ട് സംഭവിച്ചു എന്ന് ചോദിച്ചാൽ എനിക്കറിയില്ല.
ഈ ദുരവസ്ഥയിൽ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമ്മുടെ രാജ്യം എന്ന ഒരേയൊരു വികാരത്തിന് പിന്നിൽ അണിനിരക്കുക എന്നതാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ ഒരു പ്രശ്നം ഉണ്ടാകാൻ ഇടയാകരുത്. ബുദ്ധിപരമായി ചിന്തിക്കുന്നവർക്ക് ഇതിനു പിന്നിലെ അജണ്ട മനസിലാകും. പക്ഷേ നിഷ്കളങ്കരായ സാധാരണക്കാർക്ക് മനസ്സിലാകില്ല. കശ്മീരിൽ പേരും മതവും ചോദിച്ചു, പാന്റ് ഊരി നോക്കിയിട്ട് ആളുകളെ വെടിവച്ചു കൊന്നു എന്ന് പറയുമ്പോൾ നമ്മുടെ ഹിന്ദുക്കൾ എന്താണ് കരുതുക, മുസ്‌ലിങ്ങൾ പ്രശ്നക്കാരാണ് എന്ന്. ഞാൻ എന്റെ കീർത്തിചക്ര എന്ന സിനിമയിൽ ഇതൊക്കെ കാണിക്കുന്നുണ്ട്. പാന്റ് ഊരി നോക്കിയിട്ട് നീ ഹിന്ദുവാണ് എന്ന് പറയുന്നത് ഞാൻ ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. അന്ന് അങ്ങനെ നടന്നിരുന്നു. ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് ഇങ്ങനെ കാണിക്കുന്നെങ്കിൽ അതിനു പിന്നിൽ ഒരു പൊളിറ്റിക്കൽ അജണ്ട ഉണ്ട്. അത് നമ്മുടെ നാട്ടിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളുംതമ്മിൽ സ്പർധ ഉണ്ടാക്കി കലാപം ഉണ്ടാക്കാൻ വേണ്ടിയാണ്' -മേജർ രവി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.