അമിത് ഷായെ പവാർ കണ്ടതിൽ എന്താണ് തെറ്റ്?, സഖ്യസർക്കാർ അഞ്ചു വർഷം തികച്ച് ഭരിക്കും -ശിവസേന
text_fieldsമുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് തെറ്റെന്ന് ശിവസേന. മഹാരാഷ്ട്രയിൽ ഭരണം കൈയാളുന്ന മഹാ വികാസ് സഖ്യത്തിൽ വിള്ളലുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് അമിത് ഷാ-പവാർ കൂടിക്കാഴ്ചയെന്നും അഭ്യൂഹം ഉയരുന്ന പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രതികരണം.
ഗുജറാത്തിൽവെച്ച് പവാറുമായി നടത്തിയ കൂടിക്കാഴ്ചയെകുറിച്ച് ചോദിച്ചപ്പോൾ 'എല്ലാ കാര്യവും പുറത്തു പറയാനാവില്ല' എന്ന അമിത് ഷായുടെ മറുപടിയും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. അഹ്മദാബാദിൽ ഇരുവരുടെയും പൊതുസുഹൃത്തായ വ്യവസായിയുടെ വീട്ടിൽവെച്ചാണ് അമിത് ഷായും പവാറും കണ്ടുമുട്ടിയത്.
പവാറും ഷായും കൂടിക്കാഴ്ച നടത്തിയാലും അതൊന്നും മഹാരാഷ്ട്ര സർക്കാറിന്‍റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. 'ഈ സർക്കാറിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് അഞ്ചു വർഷവും തികച്ച് ഭരിക്കും. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പരസ്പരം കാണാറുണ്ട്. അത് ഒരു രഹസ്യമൊന്നുമല്ല. പവാർ രാജ്യത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിന് ചർച്ച ചെയ്യാനുണ്ടാകാം. അതിലെന്താണ് തെറ്റ്?' -അദ്ദേഹം ചോദിച്ചു.
എന്നാൽ, പ്രവചനാതീത സ്വഭാവമുള്ള എൻ.സി.പി എന്തും ചെയ്തേക്കുമെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാൾ പ്രതികരിച്ചു. 'സഖ്യ സർക്കാറിന് ദോഷകരമായ ഒന്നും ഞങ്ങൾ ആലോചിക്കില്ല. പക്ഷേ, എൻ.സി.പിക്കും അതേ നിലപാടാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല. ആ പാർട്ടിയുടെ പ്രവചനാതീതമായ സ്വഭാവം തന്നെയാണ് കാരണം.' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.