ബിൽകീസ് ബാനു കേസിലെ കുറ്റവാളികളെ ഹാരമണിയിച്ചതിൽ എന്താണ് തെറ്റ്? -കേന്ദ്രം
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ മൂന്ന് കൂട്ട ബലാത്സംഗങ്ങളും 14 പേരെ കൂട്ടക്കാലയും നടത്തിയ ബിൽകീസ് ബാനു കേസിലെ 11 കുറ്റവാളികളെ മോചിപ്പിച്ചപ്പോൾ ഹാരമണിയിച്ച് സ്വീകരിച്ചതിൽ എന്താണ് തെറ്റെന്ന് കേന്ദ്ര സർക്കാർ. 11 കുറ്റവാളികളെയും ശിക്ഷാ കാലാവധിക്ക് മുമ്പെ വിട്ടയച്ചതിനെതിരെ കൂട്ട ബലാത്സംഗത്തിനിരയായ ബിൽകീസ് ബാനു നൽകിയ ഹരജിയെ എതിർത്താണ് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഈ ചോദ്യമുന്നയിച്ചത്.
നിഷ്ഠുര ക്രൂരകൃത്യം ചെയ്ത കുറ്റവാളികളെ ഹാരമണിയിച്ചും മധുരം നൽകിയും സ്വാഗതം ചെയ്ത രീതി, കേസിൽ പൊതുതാൽപര്യ ഹരജി നൽകിയവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്രത്തിന്റെ തിരിച്ചുള്ള ചോദ്യം. ‘ഒരു കുടുംബാംഗം ജയിലിൽനിന്ന് പുറത്തുവരുമ്പോൾ ഹാരമണിയിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് രാജു ചോദിച്ചു.
ശിക്ഷ തീരും മുമ്പ് ഈ കൊടുംകുറ്റവാളികളെ വിട്ടയച്ചാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം കേന്ദ്ര സർക്കാർ കണക്കിലെടുത്തില്ലെന്ന് ബിൽകീസിന്റെ അഭിഭാഷക ശോഭ ഗുപ്ത വാദിച്ചു. കുറ്റബോധവും പ്രായശ്ചിത്തവും പ്രകടിപ്പിക്കാത്ത കുറ്റവാളികൾ അടക്കാനുള്ള പിഴപോലും ഇതുവരെ ഒടുക്കിയിട്ടില്ല. മൂന്ന് കൂട്ടബലാത്സംഗങ്ങളും ബിൽകീസിന്റെ കൺമുന്നിൽ അവരുടെ പിഞ്ചുകുഞ്ഞിനെ തറയിലടിച്ച് കൊന്നതടക്കം 14 കൊലപാതകങ്ങളും നടത്തിയ കുറ്റവാളികളാണ് ഇവർ. ഇരകളുടെ മതം നോക്കിമാത്രം ചെയ്ത കുറ്റകൃത്യമാണെന്ന് ശോഭ ഗുപ്ത ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.