അവൾ മിടുക്കിയായാണ് വളർന്നത്; കമല ഹാരിസിൻെറ സ്വന്തം 'ചിത്തി' പറയുന്നു
text_fieldsചെന്നൈ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ അമേരിക്കക്കാരോടൊപ്പം തന്നെ ഏറെ പ്രാധാന്യത്തോടെ ഇന്ത്യക്കാരും ഉറ്റു നോക്കിയിരുന്നു. അതിനുള്ള കാരണങ്ങളിലൊന്ന് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ് ആയിരുന്നു. ഒരു ഇന്ത്യൻ വംശജയായ സ്ത്രീ അമേരിക്കയുടെ ഉയർന്ന പദവികളിലൊന്ന് അലങ്കരിക്കാനൊരുങ്ങുന്നത് ഏറെ സന്തോഷത്തോടെയാണ് രാജ്യം നോക്കി കണ്ടത്.
കമല ഹാരിസിൻെറ ചെന്നൈയിലെ അമ്മ വീട്ടുകാരും 'മകളുടെ' നേട്ടത്തെ അഭിമാനത്തോടെയാണ് കണ്ടത്. കമല ഹാരിസിനെ കുറിച്ച് ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും വാചാലയാവുകയാണ് മാതൃസഹോദരി ഡോ. സരള ഗോപാലൻ. കമല ഹാരിസിൻെറ സ്വന്തം 'ചിത്തി'.
''അവൾ എല്ലായ്പ്പോഴും മിടുക്കിയായാണ് വളർന്നത്. എന്തു ചെയ്യുമ്പോഴും അതിൽ അവൾ മികവ് പുലർത്തുമായിരുന്നു. ആഗ്രഹിച്ചതെല്ലാം അവൾ നേടിയെടുത്തിട്ടുണ്ട്.'' -സരള ഗോപാലൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
വൈസ് പ്രസിഡൻറ് പദവിയിലേക്ക് ഡെമോക്രാറ്റിക് നോമിനിയായതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ കമല ഹാരിസ് തൻെറ മാതാവിനേയും തമിഴ് വേരിനേയും കുറിച്ച് പരാമർശിച്ചിരുന്നു.
''വളരെ അഭിമാനിയായ, കരുത്തയായ കറുത്ത വർഗക്കാരി സ്ത്രീയായാണ് അവർ ഞങ്ങളെ (തന്നേയും സഹോദരി മായയും) വളർത്തിയത്. ഞങ്ങളുടെ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് അറിയാനും അഭിമാനിക്കാനും സാധിക്കുന്ന തരത്തിൽ അവർ ഞങ്ങളെ വളർത്തി. ജനിച്ച കുടുംബത്തിനും തെരഞ്ഞെടുത്ത കുടുംബത്തിനും പ്രഥമ സ്ഥാനം നൽകാൻ അവർ പഠിപ്പിച്ചു.'' എന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. തൻെറ അമ്മാവൻമാരും അമ്മായിമാരും ചിറ്റിമാരുമാണ് കുടുംബമെന്നും കമല കൂട്ടിച്ചേർത്തിരുന്നു.
തമിഴ് ജനത മാതൃസഹോദരിയെ വിളിക്കുന്ന പേരാണ് 'ചിറ്റി' എന്നത്. ഇത് ഇന്തോ-അമേരിക്കൻ ജനതയെ ഏറെ ആവേശഭരിതരാക്കി. ഇന്ത്യക്കാർക്കും പ്രത്യേകിച്ച് തമിഴ്നാട്ടുകാർക്കും കമല ഹാരിസിനോട് മാനസിക അടുപ്പം സൃഷ്ടിക്കാൻ ഈ പ്രസംഗം ഇടയാക്കിയിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡൻറാവുന്ന ആദ്യ ഇന്തോ-അമേരിക്കൻ, ആദ്യ ദക്ഷിണേഷ്യൻ-അമേരിക്കൻ, ആദ്യ ഏഷ്യൻ വ്യക്തി എന്നതിലുപരി യു.എസിൻെറ ആദ്യ വനിത വൈസ് പ്രസിഡൻറുമാണ് കമല ഹാരിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.