എവിടെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ അവിടെയെല്ലാം മോദിക്കു മുമ്പ് ഇ.ഡി എത്തും -കെ.സി.ആറിന്റെ മകൾ കവിത
text_fieldsഹൈദരാബാദ്: ഏത് സംസ്ഥാനത്താണോ തെരഞ്ഞെടുപ്പ് നടക്കുന്നത്, അവിടെയെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനു മുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)എത്തുമെന്ന് തെലങ്കാന എം.എൽ.എയും കെ.സി.ആറിന്റെ മകളുമായ കെ.കവിത. ഡൽഹി മദ്യനയക്കേസിൽ കവിതയുടെ പേരും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതികരിക്കുകയായിരുന്നു അവർ.
കുട്ടികൾക്കു വരെ അറിയാവുന്ന കാര്യമാണത്. മോദി എത്തുന്നതിനു മുമ്പേ ഇ.ഡി എത്തും. എനിക്കും പാർട്ടിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തരംതാഴ്ന്ന രാഷ്ട്രീയക്കളിയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാതെ നിങ്ങൾക്ക് ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല. എട്ട് വർഷത്തിനുള്ളിൽ ഒമ്പത് സംസ്ഥാനങ്ങളിൽ അസ്ഥിരതയുണ്ടാക്കാൻ ബി.ജെ.പിക്കു സാധിച്ചു.-കവിത ആരോപിച്ചു.
തെലങ്കാനയിലെ കെ.സി.ആർ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് അവരുടെ നീക്കം. കേന്ദ്ര ഏജൻസികൾക്ക് സ്വാഗതം. അവരുമായി സഹകരിക്കുമെന്നും കവിത പറഞ്ഞു.
മലയാളി വ്യവസായി വിജയ് നായർ വഴി, ഡൽഹി എ.എ.പി നേതാക്കൾക്ക് 100 കോടി നൽകിയ 'സൗത്ത് ഗ്രൂപ്പിലെ' പ്രധാന അംഗമാണ് കവിതയെന്ന് കേസിൽ അറസ്റ്റിലായ ഗുരുഗ്രാം വ്യവസായി അമിത് അറോറ മൊഴി നൽകിയതായി ഇ.ഡി അവകാശപ്പെട്ടിരുന്നു. കവിതയ്ക്കൊപ്പം ശരത് റെഡ്ഡി, മഗുന്ത ശ്രിനിവാസുലു റെഡ്ഡി എന്നിവരാണ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നതെന്നാണ് ഇഡിയുടെ വാദം. അമിത് അറോറയുടെ റിമാൻഡ് റിപ്പോർട്ടിലും കവിതയുടെ പേര് പറയുന്നുണ്ട്. കേസിൽ ശരത് റെഡ്ഡിയെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.