ഡൽഹിയിൽ എ.എ.പി പരാജയപ്പെട്ടത് 'യമുനയുടെ ശാപം' മൂലം; രാജിക്കത്ത് സമർപ്പിച്ച അതിഷിയോട് ലഫ്. ഗവർണർ
text_fieldsന്യൂഡൽഹി: യമുന നദിയുടെ ശാപം മൂലമാണ് ഡൽഹി നിയമ സഭ തെരഞ്ഞെടുപ്പിൽ എ.എ.പി പരാജയപ്പെട്ടതെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന. രാജിക്കത്ത് നൽകാനായി അതിഷി രാജ്ഭവനിൽ എത്തിയപ്പോഴായിരുന്നു സക്സേനയുടെ പരാമർശം. യമുനയിലെ മാലിന്യമടക്കം
പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്ന് പലതവണ എ.എ.പി സർക്കാറിന് താൻ നിർദേശം നൽകിയിരുന്ന കാര്യവും സക്സേന അതിഷിയെ ഓർമിപ്പിച്ചു. എന്നാൽ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കെജ്രിവാൾ സർക്കാർ അത് അവഗണിക്കുകയായിരുന്നുവെന്നും സക്സേന കുറ്റപ്പെടുത്തി. പുതിയ സർക്കാർ രൂപവത്കരണത്തിന് വഴിയൊരുക്കി ഡൽഹിയിലെ ഏഴാം നിയമസഭ സക്സേന പിരിച്ചുവിട്ടു.
ഡൽഹി തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്നായിരുന്നു യമുനയിലെ മലിനീകരണം. യമുനയിലെ വെള്ളത്തിൽ ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിഷം കലർത്തിയെന്ന് കെജ്‍രിവാൾ പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു. എന്നാൽ യമുനയെ ഡൽഹിയുടെ മുഖമുദ്രയാക്കി മാറ്റുമെന്നായിരുന്നു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം.
ചരിത്ര വിജയം നേടിയാണ് ബി.ജെ.പി ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരം പിടിച്ചെടുത്തത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ എ.എ.പിയുടെ നേട്ടം 22ലൊതുങ്ങി. കോൺഗ്രസിന് ഇക്കുറിയും അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.
കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ എ.എ.പിയുടെ പ്രമുഖ നേതാക്കൾക്കെല്ലാം തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോൾ, അതിഷിയുടെ വിജയം മാത്രമാണ് പാർട്ടിക്ക് അൽപമെങ്കിലും ആശ്വാസത്തിന് വക നൽകിയത്. കൽകാജി മണ്ഡലത്തിൽ അതിഷ് ബി.ജെ.പിയുടെ രമേശ് ബിധുരിക്കെതിരെ 3521 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.