അസമിൽ മാത്രം എന്തിനാണ് പൗരത്വ രജിസ്ട്രേഷൻ?
text_fieldsകൊൽക്കത്ത: അസമിലെ 1.9 കോടി ജനങ്ങളെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത് ഇന്നലെ അർധ രാത്രിയിലാണ്. ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടാത്ത 1.39 പേർ ഇപ്പോഴും ഭയത്തിലാണ്. പരിശോധനക്കായി അനേകം രേഖകൾ ബാക്കിയുണ്ട് എന്ന് അധികൃതർ വെളിപ്പെടുത്തുമ്പോഴും 2018ൽ വരാനിരിക്കുന്ന പ്രഖ്യാപനത്തിനുവേണ്ടി ഇവർ കാത്തിരിക്കുന്നു.
ദേശീയ പൗരത്വ രജിസ്ട്രേഷൻ എന്താണ് എന്ന് ഇന്ത്യയുടെ തെക്കേയറ്റത്തുള്ളവർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ദേശീയ പൗരത്വ രജിസ്ട്രേഷൻ വഴി അസമിലുള്ളവർ നിയമാനുസൃതരായ താമസക്കാരാണോ അനധികൃത കുടിയേറ്റക്കാരാണോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പരിശോധിച്ച രേഖകളിൽ നിന്നുമാണ് 1.9 കോടി പേർ നിയമാനുസൃതം താമസിക്കുന്നവരാണെന്ന് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി ബംഗ്ളാദേശിൽ നിന്നും കുടിയേറിയവരാണ് അസമിലെ അനധികൃത താമസക്കാർ. ഇവർ മൂലം തങ്ങൾക്ക് ജോലി നിഷേധിക്കപ്പെടുകയാണെന്ന് പ്രദേശങ്ങളിലുള്ളവർക്ക് പരാതിയുമുണ്ട്. പല സമയത്തും ജോലി നിഷേധിക്കപ്പെടുന്നതു മൂലം പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ട്.
പൗരത്വ രജിസ്ട്രേഷനിലൂടെ കുടിയേറ്റക്കാർ തെളിയിക്കേണ്ടത് തങ്ങൾ 1971ന് മുൻപ് അസമിൽ എത്തിയവരാണ് എന്നാണ്. പാകിസ്താനിൽ നിന്നും ബംഗ്ളാദേശ് സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് കുടിയേറിയവരെ ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 1971ന് മുൻപ് അസമിൽ തന്നെ ഉണ്ടായിരുന്നവർ അത് തെളിയിക്കാനാവശ്യമായ രേഖകളാണ് ഹാജരാക്കേണ്ടത്.
പൗരത്വ രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ദുരിതമനുഭവിക്കുന്നത് ബംഗ്ളാദേശിൽ നിന്നും അനധികൃതമായി കുടിയേറിയവർ തന്നെയായിരിക്കും. പൗരത്വ രജിസ്ട്രേഷൻ ഉള്ളവർക്കായിരിക്കും ഇനിമുതൽ ഇവിടെ തൊഴിൽ ലഭിക്കുക. തൊഴിൽ ദാതാക്കൾ ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചാൽ തൊഴിൽ മേഖലയിൽ നിന്നും പുറത്താകുന്നവർ അനവധിയാണ്.
തൊഴിൽ രംഗത്ത് മാത്രമല്ല, മറ്റെല്ലാ രംഗത്തും ഈ ന്യൂനപക്ഷത്തിന് തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ അസംതൃപ്തി സംഘർഷങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
പ്രശ്നത്തിൽ ബംഗ്ളാദേശ് സർക്കാർ എങ്ങനെ ഇടപെടും എന്നുള്ളതും മറ്റൊരു പ്രശ്നമാണ്. തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ അവർ സ്വീകരിക്കുന്ന സക്രിയമായ നടപടികൾ പ്രശ്നത്തെ ലഘൂകരിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.