ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമോ? അതോ ദക്ഷിണേന്ത്യയിൽ തന്നെ തമ്പടിക്കുമോ; അണ്ണാമലൈയുടെ അടുത്ത ലക്ഷ്യം എന്ത്
text_fieldsചെന്നൈ: നൈനാർ നാഗേന്ദ്രൻ എം.എൽ.എയെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷനാക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കവെ സ്ഥാനമൊഴിയുന്ന കെ. അണ്ണാമലൈയുടെ അടുത്ത ലക്ഷ്യം എന്തായിരിക്കുമെന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും സഖ്യം പുതുക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്കായിരിക്കുമോ അണ്ണാമലൈയുടെ കണ്ണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഇനി അതല്ല, ദക്ഷിണേന്ത്യയുടെ ചുമതല തന്നെ ബി.ജെ.പി അണ്ണാമലൈക്ക് നൽകുമോയെന്നും അഭ്യൂഹമുയരുന്നുണ്ട്.
സ്ഥാനമൊഴിയുന്ന അണ്ണാമലൈ പാർട്ടിക്ക് അഭൂത പൂർവമായ സംഭാവനകൾ നൽകിയ വ്യക്തിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചിരുന്നു. അണ്ണാമലൈയുടെ സംഘടനപരമായ കഴിവുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി സൂചിപ്പിക്കുകയുണ്ടായി. ഐ.പി.എസ് പദവി രാജിവെച്ചാണ് അണ്ണാമലൈ രാഷ്ട്രീയത്തിലിറങ്ങിയത്.
പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആക്കാൻ തക്ക കഴിവുകൾ അണ്ണാമലൈക്കുണ്ടെന്നാണ് മുതിർന്ന ബി.ജെ.പി നേതാവിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാറിലും ഉൾപ്പെടുത്താം. എന്നാൽ കേന്ദ്രമന്ത്രിസഭയിൽ അടുത്ത കാലത്തൊന്നും പുനഃസംഘടനക്ക് സാധ്യതയില്ലാത്തതിനാൽ അണ്ണാമലൈക്ക് മുന്നിൽ ആ വഴി തൽകാലം അടഞ്ഞു തന്നെ കിടക്കും. നിലവിൽ കേന്ദ്രത്തിൽ തമിഴ്നാടിന് പ്രാതിനിധ്യമുണ്ട്.
തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കാര്യമായ വോരോട്ടമൊന്നും ഇല്ലാതിരുന്ന സമയത്താണ് അണ്ണാമലൈ നേതൃപദവിയിലേക്ക് വരുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പൽ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു തമിഴ്നാട്ടിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് 11ശതമാനമായി വർധിച്ചു. എന്നാൽ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യത്തിന് പകരം ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുന്നതിനായിരുന്നു അണ്ണാമലൈ ശക്തമായി നിലകൊണ്ടത്. എന്നാൽ അടുത്ത 10-15 വർഷത്തേക്ക് അത് ഒരു ഗുണവുമുണ്ടാക്കില്ലെന്ന് പാർട്ടിക്ക് മനസിലായി.
കേന്ദ്രഭരണത്തിലോ പാർട്ടിയിലോ ചുമതല നൽകുന്നത് വരെ ദക്ഷിണേന്ത്യയിൽ അണ്ണാമലൈക്ക് ബി.ജെ.പി സുപ്രധാന റോൾ നൽകുമെന്ന് തന്നെയാണ് മറ്റൊരു മുതിർന്ന നേതാവിന്റെ വിലയിരുത്തൽ. അതായത് ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ താരപ്രചാരകരിൽ മുഖ്യൻ അണ്ണാമലൈ തന്നെയായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതിനിടെ, ഗൗണ്ടർ ജാതിയിൽ പെട്ടയാളായതിനാൽ അണ്ണാമലൈയും എ.ഐ.എ.ഡി.എം.കെ മേധാവി പളനി സ്വാമിയും തമിഴ്‌നാട്ടിൽ മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് മറ്റൊരു ബി.ജെ.പി നേതാവ് അവകാശപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.