ഒരുപാട് കഠിനാധ്വാനം ചെയ്യുന്നതല്ലേ...ഇടയ്ക്കൽപം വിശ്രമവും ആകാം -മോദിക്ക് സഹോദരന്റെ ഉപദേശം
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂത്ത സഹോദരൻ സോമാഭായ് മോദിയും വോട്ട് രേഖപ്പെടുത്തിയത്. അഹ്മദാബാദിലെ റാണിപിലെ നിഷാൻ പബ്ലിക് സ്കൂളിലാണ് സോമാഭായ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യുന്നതിന് മുമ്പ് സോമാഭായ് നരേന്ദ്രമോദിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് വികാരനിർഭരമായാണ് അദ്ദേഹം സംസാരിച്ചത്. ''രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതല്ലേ, ഇടക്ക് അൽപം വിശ്രമം എടുക്കുന്നത് നന്നാവു''മെന്ന് സഹോദരനെ ഉപദേശിക്കാനും സോമാഭായി മറന്നില്ല.
2014മുതൽ മോദി രാജ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. അത് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സോമാഭായി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നവർക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ തന്നെ അഹ്മദാബാദിൽ എത്തി മോദി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഗുജറാത്തിൽ 93സീറ്റുകളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇതിൽ 16 എണ്ണം അഹ്മദാബാദിലെ നാഗരിക മണ്ഡലങ്ങളാണ്. ബി.ജെ.പിക്ക് നിർണായകമായ സീറ്റുകളാണിവ. മൂന്നു ദശകത്തോളമായി ബി.ജെ.പിയുടെ കൈയടക്കി വെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.