പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ച് നിതീഷ്; സ്പീക്കർ പദവിയും മൂന്ന് കാബിനറ്റ് മന്ത്രിമാരും വേണമെന്ന് നായിഡു, വിലപേശൽ തുടരുന്നു
text_fieldsന്യൂഡൽഹി: കേന്ദ്രത്തിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കങ്ങൾ തകൃതിയാക്കി ബി.ജെ.പി. കേവലഭൂരിപക്ഷം തികക്കുന്നതിൽ നിർണായകമായി മാറിയ സഖ്യകക്ഷികൾ ഉയർത്തുന്ന സമ്മർദങ്ങൾക്ക് പോംവഴി കാണാനുള്ള ചർച്ചകളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. നിതീഷ് കുമാറിന്‍റെ ജെ.ഡി(യു)വും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും ബി.ജെ.പിയുമായി വിലപേശൽ തുടരുകയാണ്.
മന്ത്രിസഭയുടെ ഭാഗമാകാൻ നിതീഷ് കുമാർ പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതെന്നാണ് വിവരം. ബിഹാറിന് പ്രത്യേക പദവി, മൂന്ന് കാബിനറ്റ് മന്ത്രിമാർ, മൂന്ന് സഹമന്ത്രി സ്ഥാനം, എൻ.ഡി.എ കൺവീനർ സ്ഥാനം എന്നിവയും നിതീഷ് ആവശ്യപ്പെട്ടിരിക്കുകയാണ്. നിർണായകമായ 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്.
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി നേടിയത് 16 സീറ്റുകളാണ്. ആന്ധ്രപ്രദേശിനും പ്രത്യേക പദവി വേണമെന്ന് ടി.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ സ്പീക്കർ പദവിയും മൂന്ന് കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും വേണമെന്നും ആവശ്യമുണ്ട്. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങളാണ് നായിഡു ആവശ്യപ്പെട്ടത്. എന്നാൽ, നിർണായക വകുപ്പുകളായ ആഭ്യന്തരവും പ്രതിരോധവും വിട്ടുകൊടുക്കില്ലെന്നാണ് ബി.ജെ.പി നിലപാട്.
എൻ.ഡി.എയിൽ എൽ.ജെ.പി-അഞ്ച്, ശിവ് സേന (ഏക്നാഥ് ഷിൻഡെ)-ഏഴ്, ആർ.എൽ.ഡി-രണ്ട്, ജെ.ഡി (എസ്)-രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. അഞ്ച് എം.പിമാരുള്ള ചിരാഗ്പാസ്വാന്റെ എൽ.ജെ.പിക്ക് റെയിൽവേ വകുപ്പും മറ്റൊരു സഹമന്ത്രി സ്ഥാനവും വേണം. ഏക്നാഥ് ഷിൻഡെയുടെ ശിവസേനക്ക് ഒരു കാബിനറ്റ് മന്ത്രിയും രണ്ട് സഹമന്ത്രിമാരുമാണ് വേണ്ടത്. ജിതിൻ റാം മഞ്ചിയും കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബി.ജെ.പി നീക്കം. അതിന് മുമ്പ് മന്ത്രിസ്ഥാനം പങ്കുവെക്കലിൽ മുന്നണിക്കകത്ത് ധാരണയാകാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.