മോദിക്കെതിരെ രാഹുൽ വീറോടെ പൊരുതി; ട്രംപിനു മുന്നിൽ അടി പതറി കമല
text_fieldsന്യൂഡൽഹി/വാഷിങ്ടൺ: 2024ലാണ് ഇന്ത്യയിലെയും യു.എസിലെയും പൊതു തെരഞ്ഞെടുപ്പുകൾ നടന്നത്. ഇരുരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളെ കുറിച്ച് ചെറിയൊരു താരതമ്യം നടത്തുകയാണ് മാധ്യമങ്ങൾ.
രണ്ട് രാജ്യങ്ങളിലെ തീവ്രവലതു പക്ഷ നേതാക്കളെ തുരത്തിയോടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എതിർപക്ഷങ്ങൾ പ്രചാരണം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാൻ ഇൻഡ്യ സഖ്യത്തിന്റെ തേരാളിയായി രാഹുൽ ഗാന്ധിയാണ് കളത്തിലിറങ്ങിത്. ഡോണൾഡ് ട്രംപിനെ തോൽപിക്കാൻ കമല ഹാരിസും കച്ചകെട്ടിയിറങ്ങി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മോദിയെ ചെറുതായി വിറപ്പിക്കാൻ രാഹുലിന്റെ ഇൻഡ്യ സഖ്യത്തിന് സാധിച്ചു. എന്നാൽ ട്രംപിനു മുന്നിൽ കമല വലിയ പരാജയമായി മാറി.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായാണ് രാഹുൽ പോരാട്ടഭൂമിയിൽ ഇറങ്ങിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ലോക്സഭയിൽ ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞു. തനിച്ചു കേവല ഭൂരിപക്ഷം നേടാനാവാതെ ഘടക കക്ഷികളുടെ പിൻബലത്തിൽ സർക്കാറിനെ മുന്നോട്ടുരുട്ടാൻ എൻ.ഡി.എ നിർബന്ധിതരായി. അതുപോലൊരു മുന്നേറ്റം കാഴ്ച വെക്കാൻ യു.എസിൽ കമലക്ക് കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യയും യു.എസും നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു പണപ്പെരുപ്പം. ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ആഴത്തിലുള്ള സാമൂഹിക വിഭജനവും ഇരുരാജ്യങ്ങളിലും പ്രതിഫലിച്ചു. ഗൗതം അദാനിക്കും മുകേഷ് അംബാനിക്കും ഒത്താശ ചെയ്യുകയാണ് മോദി ഭരണകൂടമെന്ന വിമർശനം രാഹുൽ ആവർത്തിച്ചു. മോദിക്കെതിരായ നിരന്തര വിമർശനം രാഹുലിന് സാധാരണക്കാർക്കിടയിൽ സ്വാധീനം നേടിക്കൊടുത്തു.
യു.എസിൽ ശതകോടീശ്വരനും എക്സ് ഉടമയുമായ ഇലോൺ മസ്കിന്റെ നിരുപാധിക പിന്തുണ ട്രംപിനായിരുന്നു. ട്രംപ് വീണ്ടും വന്നാൽ അമേരിക്കൻ ജനാധിപത്യം തകർന്നടിയുമെന്ന് കമല പ്രചാരണം നടത്തിയിട്ടും കാര്യമുണ്ടായില്ല.
ജാതി വിഭജനവും ദലിതുകളുടെ അവകാശവും ന്യൂനപക്ഷ സംരക്ഷണവും രാഹുൽ പ്രചാരണായുധമാക്കി. സാമൂഹിക നീതി ഉറപ്പാക്കാൻ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
എന്നാൽ യു.എസിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകയായി മാറാൻ കമലക്ക് കഴിഞ്ഞില്ല. ആഫ്രിക്കൻ വംശജരുടെ വിശ്വാസം ആർജിക്കാനും അവർക്ക് സാധിച്ചില്ല.
മോദി സർക്കാർ കോർപറേറ്റ് ഭീമൻമാർക്കും മുന്നിൽ ഭരണം അടിയറ വെച്ചതായി രാഹുൽ പ്രചാരണത്തിനിടെ പലകുറി ആരോപണമുയർത്തി. സമാനരീതിയിൽ ട്രംപ് യു.എസിലെ സമ്പന്നൻമാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥിയാണെന്ന് കമലയും വാദിച്ചു. എന്നാൽ രാഹുലിന്റെ പ്രചാരണം പോലെ കേന്ദ്രീകൃതമല്ലായിരുന്നു അത്. മാത്രമല്ല, രാഹുലിനെ പോലെ വൈകാരിക പിന്തുണ ഉറപ്പിക്കാനും കമലക്ക് സാധിച്ചില്ല.
സമ്പദ്‍വ്യവസ്ഥ, തൊഴിൽ, കുടിയേറ്റം എന്നീ മൂന്ന് വിഷയങ്ങളിലൂന്നിയായിരുന്നു ട്രംപിന്റെ വോട്ടുപിടിത്തം. അതിനിടയിൽ ഡെമോക്രാറ്റുകളുടെ വാഗ്ദാനങ്ങൾ ഒതുങ്ങിപ്പോയി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സാധാരണക്കാരും രാഷ്ട്രീയ വരേണ്യവർഗവും തമ്മിലുള്ള പോരാട്ടമായി രാഹുൽ ഉയർത്തിക്കൊണ്ടുവന്നു. ജോഡോയാത്രയിലൂടെ ഇന്ത്യയിലെ ഗ്രാമീണരെ അടുത്തറിയാനും രാഹുലിന് സാധിച്ചു. അത്രയും കൃത്യതയോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ കമലക്ക് സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.