'വൈകിയെത്താൻ ഇത് സിനിമാ ഷൂട്ടിങ്ങല്ല'; ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡെക്ക് ശകാരം
text_fieldsമുംബൈ: മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് എന്‍.സി.ബി ഓഫീസിൽ വൈകിയെത്തിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിച്ചതായി റിപ്പോര്‍ട്ട്. വൈകിയെത്താന്‍ ഇത് സിനിമ കമ്പനില്ലെന്നും കേന്ദ്ര ഏജന്‍സിയാണെന്നും സമീര്‍ വാങ്കഡെ പറഞ്ഞതായി എന്‍.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ആഡംബരക്കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അനന്യയെ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി വിളിപ്പിച്ചത്.
വ്യാഴാഴ്ച അനന്യയെ എൻ.സിബി ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം, വെള്ളിയാഴ്ച രാവിലെ 11ന് ഹാജരാകാനാണ് അനന്യക്ക് എൻ.സി.ബി സമന്‍സ് നൽകിയിരുന്നത്. എന്നാല്‍, മൂന്നു മണിക്കൂര്‍ വൈകി, ഉച്ചക്ക് രണ്ടുമണിക്കാണ് അനന്യ എന്‍.സി.ബി ഓഫീസിലെത്തിയത്. നാല് മണിക്കൂര്‍ നേരമാണ് അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ അനന്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് അനന്യയെ ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും ആര്യൻ ഖാന് മയക്കുമരുന്ന് നൽകിയിട്ടില്ലെന്നുമാണ് അനന്യ എന്‍.സി.ബിയെ അറിയിച്ചത്. അനന്യ പാണ്ഡെയുടെ മുംബൈ ബന്ദ്രയിലെ വസതിയിൽ എൻ.സി.ബി റെയ്ഡ് നടത്തി അനന്യയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. 2018-19ൽ അനന്യ ആര്യന് ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ നൽകിയെന്നും മൂന്നുവട്ടം ലഹരി വാങ്ങാൻ സഹായിച്ചെന്നുമാണ് എന്‍.സി.ബിയുടെ ആരോപണം.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ആര്യന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം ഷാരൂഖ് ഖാൻ ജയിലിലെത്തി ആര്യനെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.