എസ്.ബി.ഐയെ കുടഞ്ഞ് സുപ്രീംകോടതി; ബാലിശ വാദത്തിൽ പതറി ഹരീഷ് സാൽവെ
text_fieldsസ്വന്തം ലേഖകൻ
ന്യൂഡൽഹി: സുപ്രീംകോടതിയോട് എസ്.ബി.ഐ കാണിച്ച ധിക്കാരത്തിന് വിട്ടുവീഴ്ച വേണ്ടെന്ന കർക്കശ നിലപാടാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മുഴുവൻ ജഡ്ജിമാരും സ്വീകരിച്ചത്. വ്യക്തമായ സുപ്രീംകോടതി ഉത്തരവ് സങ്കീർണമാണെന്ന് വ്യാഖ്യാനിക്കാൻ മുന്നോട്ടുവെച്ച ബാലിശ വാദങ്ങൾ ഓരോന്നായി എടുത്തിട്ട് സുപ്രീംകോടതി കുടഞ്ഞതോടെ എസ്.ബി.ഐ ഇറക്കിയ ഏറ്റവും ചേലവേറിയ അഭിഭാഷകനായ ഹരീഷ് സാൽവെ ഉത്തരം കിട്ടാതെ പതറി. എസ്.ബി.ഐക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായെത്തിയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സിന്റെയും (എ.ഡി.ആർ) സി.പി.എമ്മിന്റെയും അഭിഭാഷകരായ പ്രശാന്ത് ഭൂഷണിനും ശദാൻ ഫറാസത്തിനും വാദിക്കാനുള്ള അവസരം നൽകാതെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്.ബി.ഐയെ കുടഞ്ഞത്.
തെരഞ്ഞെടുപ്പ് വരെ രഹസ്യമാക്കി വെക്കാനായില്ല
എസ്.ബി.ഐയെ മറയാക്കി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ രഹസ്യമാക്കാൻ കേന്ദ്ര സർക്കാറും ബി.ജെ.പിയും നടത്തിയ നിയമവിരുദ്ധ നീക്കത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ബി.ജെ.പിക്ക് 95 ശതമാനം ഗുണംചെയ്ത ബോണ്ടുകളുടെ വിശദാംശങ്ങൾ പുറത്തുവരാതിരിക്കാൻ നടത്തിയ നിയമവിരുദ്ധ നീക്കത്തിനാണ് തിങ്കളാഴ്ചത്തെ അന്ത്യശാസനത്തിലൂടെ സുപ്രീംകോടതി തടയിട്ടത്. സംഭാവന നൽകിയവരുടെയും സ്വീകരിച്ച പാർട്ടികളുടെയും വിവരങ്ങൾ കൈവശമുണ്ടെങ്കിൽ അവ തമ്മിൽ ഒത്തുനോക്കി പരിശോധിക്കാനാണ് സമയം നീട്ടിച്ചോദിച്ചതെന്ന് ഹരീഷ് സാൽവെ പറഞ്ഞപ്പോൾ ആരാണ് അതിന് പറഞ്ഞതെന്ന് ബെഞ്ച് ചോദിച്ചു.
ബോണ്ടുകൾ വഴി സംഭാവന നൽകിയവരുടെയും സ്വീകരിച്ച പാർട്ടികളുടെയും വിവരങ്ങൾ മുദ്രവെച്ച കവറിലുണ്ടെന്ന് എസ്.ബി.ഐ പറഞ്ഞ സ്ഥിതിക്ക് അതങ്ങ് തുറന്ന് വിവരങ്ങൾ കൈമാറാനാണ് ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന തിരിച്ചടിച്ചു. രാഷ്ട്രീയ പാർട്ടികൾ അവരുടെ സംഭാവനവിവരം കമീഷന് നൽകിക്കഴിഞ്ഞുവെന്ന് ജസ്റ്റിസ് ഗവായിയും പറഞ്ഞു.
നമ്പർ വൺ ബാങ്കിൽനിന്ന് ആത്മാർഥത പ്രതീക്ഷിച്ചു
ഫെബ്രുവരി 15നാണ് തങ്ങൾ വിധി പറഞ്ഞത്. ഇന്ന് (തിങ്കളാഴ്ച) മാർച്ച് 11 ആണ്. കഴിഞ്ഞ 26 ദിവസം എസ്.ബി.ഐ എന്തെടുത്തുവെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സ്വീകരിച്ച നടപടികളെന്താണെന്നും ഹരീഷ് സാൽവെയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ബാങ്ക് സമർപ്പിച്ച സത്യവാങ്മൂലവും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. രാജ്യത്തെ നമ്പർ വൺ ബാങ്കിൽനിന്ന് ആത്മാർഥതയുടെ ഒരംശമെങ്കിലും തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ കർശന നിർദേശം നൽകിയശേഷവും ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് വരുത്താനാണ് ഹരീഷ് സാൽവെ ശ്രമിച്ചത്. പ്രശാന്ത് ഭൂഷൺ വീണ്ടും കോടതിയലക്ഷ്യ ഹരജിയുമായി വരാതിരിക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
ബോണ്ട് ഒത്തുനോക്കൽ ജനത്തിന് വിട്ടു
ബോണ്ടുവഴി സംഭാവന നൽകിയവരുടെ വിവരങ്ങൾ മുദ്രവെച്ച കവറിൽ മുംബൈയിലെ എസ്.ബി.ഐയുടെ മുഖ്യ ബ്രാഞ്ചിലുണ്ടെന്നും ബോണ്ട് കൈപ്പറ്റി പണമാക്കിയ രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ അതേ ബ്രാഞ്ചിലേക്ക് അയച്ചിട്ടുണ്ടെന്നും എസ്.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്നെയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഈ രണ്ട് വിവരങ്ങളും ഒത്തുനോക്കാൻ സമയമെടുക്കുമെന്നാണ് എസ്.ബി.ഐ പറയുന്നത്. എന്നാൽ, അങ്ങനെ ഒത്തുനോക്കാൻ എസ്.ബി.ഐയോട് പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്, ഹരീഷ് സാൽവെയെ ഓർമിപ്പിച്ചു. അതിനാൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സമയം നീട്ടിച്ചോദിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിലല്ലെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. സംഭാവന നൽകിയവരുടെയും അത് സ്വീകരിച്ച പാർട്ടികളുടെയും വിവരങ്ങൾ രണ്ടായിട്ടാണ് ശേഖരിച്ചതെന്നും അതിനാൽ ഒത്തുനോക്കണമെന്നാണ് പറയുന്നതെന്നും ഹരീഷ് സാൽവെ വീണ്ടും വാദിച്ചു. എന്നാൽ, കോടതി വെളിപ്പെടുത്താൻ പറഞ്ഞ വിവരങ്ങൾ എളുപ്പം ലഭ്യമാണെന്നും ഓരോ ബോണ്ടിനും സവിശേഷ നമ്പറുണ്ടെന്നും എ.ഡി.ആർ കോടതിയലക്ഷ്യ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയത് ഉത്തരവിൽ കോടതി എടുത്തുപറഞ്ഞു.
വിവരങ്ങൾ ഒത്തുനോക്കാനല്ല; വെളിപ്പെടുത്താനാണ് പറഞ്ഞതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ വ്യക്തികളുടെയും പണം വാങ്ങിയ രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങളാണ് ആരാഞ്ഞതെന്നും അവ തമ്മിൽ ഒത്തുനോക്കാൻ പറഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി. ഇലക്ടറൽ ബോണ്ട് പദ്ധതിയും അത് നടപ്പാക്കാൻ ധന, ജനപ്രാതിനിധ്യ, ആദായ നികുതി നിയമങ്ങളിൽ കൊണ്ടുവന്ന മൂന്ന് ഭേദഗതികളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് തങ്ങൾ ഫെബ്രുവരി 15ന് റദ്ദാക്കിയത്.
ഭരണഘടനയുടെ 19(1) അനുഛേദ പ്രകാരം വിവരമറിയാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണിതെന്നും കോർപറേറ്റുകൾ കണക്കറ്റ ഫണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നത് ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണെന്നും വ്യക്തമാക്കിയതുമാണ്.
ഭരണഘടന ബെഞ്ചിന്റെ ആ വിധി ഫലപ്രദമായി നടപ്പാക്കാനാണ് ഇലക്ടറൽ ബോണ്ടിന്റെ ചുമതലയുള്ള എസ്.ബി.ഐയോട് വിവരങ്ങൾ ആവശ്യപ്പെട്ടത്. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ സമാഹരിക്കൽ സങ്കീർണവും സമയമെടുക്കുന്നതുമായ പ്രക്രിയയാണെന്നും ഡിജിറ്റൽ രൂപത്തിലും കേന്ദ്രീകൃത രൂപത്തിലും സൂക്ഷിച്ചിട്ടില്ലെന്നുമുള്ള എസ്.ബി.ഐയുടെ വാദങ്ങൾ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. പാർട്ടികൾക്ക് സംഭാവന നൽകാൻ ബോണ്ട് വാങ്ങിയ ആളുകളുടെയും ആ ബോണ്ടുകൾ സ്വീകരിച്ച് പണമാക്കിയ പാർട്ടികളുടെയും വിവരങ്ങൾ മുദ്രവെച്ച കവറുകളിലായി എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചിലുണ്ട്. അവ വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്.
ഓരോ ഇലക്ടറൽ ബോണ്ട് അപേക്ഷയും അതിന്റെ കെ.വൈ.സിയും അതിന് സംഭാവന അടക്കുന്ന രീതിയും എസ്.ബി.ഐയുടെ പക്കലുണ്ട്. പെട്ടെന്ന് ലഭിക്കാവുന്ന വിവരങ്ങളാണത്. അതിനാൽ വാങ്ങിയതും പണമാക്കിയതുമായ ബോണ്ട് വിവരങ്ങൾ തമ്മിൽ ഒത്തു നോക്കാൻ സമയം വേണമെന്ന ആവശ്യം അംഗീകരിക്കാതെ തള്ളുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ 7(4) വ്യവസ്ഥപ്രകാരം തന്നെ ഈ വിവരങ്ങൾ കോടതികളോ നിയമ ഏജൻസികളോ ആവശ്യപ്പെട്ടാൽ എസ്.ബി.ഐ വെളിപ്പെടുത്തണം. അതിനാൽ ആ പദ്ധതി പ്രകാരം തന്നെ കോടതി ആവശ്യപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ എസ്.ബി.ഐ ബാധ്യസ്ഥമാണെന്നും കോടതി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ അഴിമതിക്കെതിരായ നിർണായക ചുവടുവെപ്പ് - യെച്ചൂരി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിഷയത്തിലെ സുപ്രീംകോടതി വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവെപ്പാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തോറ്റ പാർട്ടികൾ അട്ടിമറിയിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അധികാരത്തിൽ വരുന്നത് തടയാൻ സഹായിക്കും.
രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതിനുവേണ്ടിയാണ് മോദി ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന രണ്ടു ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു യെച്ചുരി.തെരഞ്ഞെടുപ്പ് കഴിയും വരെ വിവരങ്ങൾ പുറത്തുവരുന്നത് തടയാൻ ആയിരുന്നു കേന്ദ്രത്തിന്റെ നീക്കം. കൂടുതൽ വിവരങ്ങൾ പുറത്തു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.