ബിലാവൽ ഭുട്ടോയുടെ മോദി വിരുദ്ധ പരാമർശത്തെ കുറിച്ച് യു.എസിന് എന്താണ് പറയാനുള്ളത്?
text_fieldsവാഷിങ്ടൺ: ഇന്ത്യയും പാകിസ്താനുമായി വിവിധ തലങ്ങളിൽ ബന്ധം പുലർത്തുന്ന രാജ്യമാണ് യു.എസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതപരമായ സമീപനം അവസാനിപ്പിക്കണമെന്നും അതാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് നല്ലതെന്നുമാണ് യു.എസിന്റെ അഭിപ്രായം.
കശ്മീർ പ്രശ്നം, അതിർത്തി കടന്നുള്ള ഭീകരവാദം എന്നിവയെ ചൊല്ലിയാണ് ഇന്ത്യയും പാകിസ്താനും കലഹിക്കാറുള്ളത്.''ഞങ്ങൾക്ക് ഇന്ത്യയുമായി ആഗോളതലത്തിലുള്ള തന്ത്രപരമായ പങ്കാളിത്തമാണുള്ളത്. പാകിസ്താനുമായും അതേതരത്തിലുള്ള ബന്ധമാണ് പുലർത്തുന്നത്''-യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
ന്യൂയോർക്കിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടുത്തിടെ നടത്തിയ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയെ കശ്മീരിലെ കശാപ്പുകാരൻ എന്നാണ് ബിലാവൽ യു.എൻ വേദിയിൽ വെച്ച് പരാമർശിച്ചത്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.ഈ ബന്ധങ്ങൾ ഓരോന്നും യു.എസിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും പ്രൈസ് പറഞ്ഞു.
"ഞങ്ങൾക്ക് ഇരുരാജ്യങ്ങളുമായും പങ്കാളിത്തമുണ്ട് എന്നതിനാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ശത്രുത തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിൽ ക്രിയാത്മകമായ ഒരു സംഭാഷണം നടന്നു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് അവിടത്തെ ജനങ്ങളുടെ പുരോഗതിയെ കരുതിയാണ്. ഞങ്ങൾക്ക് ഒരുമിച്ച് ഉഭയകക്ഷിപരമായി ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്."- ചോദ്യത്തിന് മറുപടിയായി പ്രൈസ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിൽ പരിഹാരം കാണേണ്ട വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇരുവരുമായി ബന്ധമുള്ള രാജ്യമെന്ന നിലയിൽ സഹായിക്കാൻ അമേരിക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.