കുഴിച്ചുമൂടപ്പെട്ട ആ രഹസ്യം എന്തായിരുന്നു?; ഇന്ദ്രാണി മുഖർജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി 23ന് പുറത്തിറങ്ങും
text_fieldsഓർമയില്ലേ ഇന്ദ്രാണി മുഖർജിയെ? ഐ.എൻ.എക്സ് മീഡിയ കമ്പനി മുൻ മേധാവിയായിരുന്ന ഇന്ദ്രാണി മുഖർജി വാർത്തകളിൽ നിറയുന്നത് സ്വന്തം മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ വാർത്ത അപ്രതീക്ഷിതമായി പുറംലോകം അറിയുന്നതോടെയാണ്. ഏഴുവർഷത്തെ ജയിൽവാസത്തിനുശേഷം 2022ൽ ജാമ്യം ലഭിച്ച് ഇപ്പോൾ മുംബൈയിൽ കഴിയുന്ന ഇന്ദ്രാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി പുറത്തുവരുകയാണ്. ‘ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് ആണ് സംപ്രേഷണം ചെയ്യുന്നത്.
ഫെബ്രുവരി 23ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങി. നിഗൂഢമായൊരു കൊലപാതകത്തിന്റെ പല രഹസ്യങ്ങളും ചിത്രത്തിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നത്.
ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന ബോറ. പിന്നീട് പീറ്റർ എന്നയാളെ വിവാഹം ചെയ്ത ശേഷം, ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തുപറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകൻ രാഹുലുമായി ഷീന പ്രണയത്തിലായതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇന്ദ്രാണിയോട് ഷീന സ്വത്ത് ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കിൽ രഹസ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയുംചെയ്തു. ഇതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. പെട്ടൊന്നൊരു ദിവസം ഷീനയെ കാണാതാവുകയായിരുന്നു.
2012ൽ ഷീന യു.എസിലേക്കു പോയെന്നാണ് ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. എന്നാൽ, 2015ൽ ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായ് മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താനോടിച്ച കാറിൽവെച്ചാണ് ഷീനയെ ശ്വാസംമുട്ടിച്ച് കൊന്നതെന്നു മൊഴി നൽകിയതോടെ അന്വേഷണമായി. ഇതിനിടയിൽ പീറ്ററുമായി ഇന്ദ്രാണി പിരിഞ്ഞിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ദ്രാണി അകത്തായി. മുൻ ഭർത്താക്കന്മാരും കേസിൽ പ്രതികളാണ്. അതേസമയം, കേട്ട കഥകളിൽനിന്ന് വ്യത്യസ്‍തമായ പല ഉപകഥകളും ഇതിനിടയിൽ വന്നു. മകൾ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് ഇന്ദ്രാണി ജയിലിൽവെച്ച് സി.ബി.ഐ ഡയറക്ടർക്ക് കത്തയച്ചത് വലിയ വാർത്തയായിരുന്നു.
അതേസമയം, ഷീനയുടെ മരണം സ്ഥിരീകരിക്കാൻതക്ക തെളിവുകൾ സി.ബി.ഐയുടെ കൈയിലുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടുകയാണ് ‘ബറീഡ് ട്രൂത്ത്’ എന്ന ഡോക്യു സീരീസ്. ഷാന ലെവി, ഉറാസ് ബാൽ എന്നിവരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രാണി മുഖർജി, മക്കളായ വിധി മുഖർജി, മിഖായേൽ ബോറ എന്നിവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.