24 കോടി മുസ്‌ലിംകളെ നിങ്ങൾ എന്തുചെയ്യാനാണ്, കടലിൽ എറിയുമോ; കേന്ദ്രത്തിനെതിരെ ഫാറൂഖ് അബ്ദുല്ല
text_fieldsകേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നാഷനൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ഇതര പാർട്ടികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുല്ല.
''വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം പുതിയതല്ല. 22-24 കോടി മുസ്‌ലിംകളെ എന്ത് ചെയ്യും? അവരെ കടലിലെറിയുമോ അല്ലെങ്കിൽ ചൈനയിലേക്ക് അയക്കുമോ? ഗാന്ധിജി രാമരാജ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. എല്ലാവർക്കും തുല്യ പരിഗണനയുള്ള ആർക്കെതിരെയും വിവേചനമില്ലാത്ത ക്ഷേമരാഷ്ട്രമാണ് അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ചത്. നമ്മൾ ഗാന്ധിജിയുടെ ആശയങ്ങളാണ് പിന്തുടരേണ്ടത്''-ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
12 പ്രതിപക്ഷ പാർട്ടികളാണ് ഫാറുഖ് അബ്ദുല്ല അധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തത്. കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽകണ്ട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം ആവശ്യപ്പെടും. പി.സി.സി അധ്യക്ഷൻ വികാർ റസൂൽ വാനി, സി.പി.എം നേതാവ് എം.വൈ തരിഗാമി, പി.ഡി.പി നേതാവ് അംറിക് സിങ് റീൻ, നാഷനൽ പാന്തേഴ്‌സ് പാർട്ടി നേതാവ് ഹർഷ് ദേവ് സിങ്, എ.എ.പി നേതാവും ജില്ലാ വികസന കൗൺസിൽ അംഗവുമായ ടി.എസ് ടോണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.