ഝാർഖണ്ഡിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം: 19 പേർ അറസ്റ്റിൽ
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മൂന്നു ദിവസത്തിനുള്ളിൽ 19 പേരെ അറസ്റ്റ് ചെയ്തു. സിങ്ഭും ജില്ലയിൽ രണ്ടു സംഭവങ്ങളിലായാണ് ഏഴു പേരെ ജനക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു മർദനം. വാട്ട്സ് ആപ്പിലൂടെ പ്രചരിച്ച വ്യാജവാർത്തയുടെ അടിസ്ഥാനത്തിലാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
നാഗാദിയിൽ വികാസ് കുമാർ വർമ, ഗൗതം കുമാർ വർമ, ഗംഗേശ് ഗുപ്ത എന്നിവരെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയത്. വികാസിൻെറയും ഗൗതമിന്റെയും മുത്തശ്ശിക്കും ക്രൂരമായി മർദനമേറ്റു. ശോഭാപൂരിൽ കന്നുകാലി വ്യാപാരികളായ നാലു പേരെയും ജനക്കൂട്ടം സമാന ആരോപണം ഉന്നയിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. ആക്രമണത്തിൽ കൊല്ലപ്പെട്ട നഈം എന്ന യുവാവിൻെറ മരണത്തിന് മുമ്പുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചോരയിൽ കുളിച്ച് കിടക്കുന്ന യുവാവ് ജീവനു വേണ്ടി യാചിക്കുന്ന ഫോട്ടോ വേദനിപ്പിക്കുന്നതാണ്. നഈമിന്റെ അവസാനനിമിഷങ്ങൾ 2002ലെ ഗുജറാത്തിലെ കലാപ സമയത്ത് ജീവന് വേണ്ടി യാചിക്കുന്ന ഖുത്ബുദ്ദീൻ അൻസാരിയുടെഓർമ്മകൾ കൊണ്ടുവരുന്നതാണ്. നാല് മണിക്കൂറോളം നീണ്ട വിചാരണകൾക്കും പീഡനങ്ങൾക്കും ഒടുവിലാണ് ഇവരെ കൊലപ്പെടുത്തിയത്.
കുട്ടികളെ തട്ടിക്കൊണ്ട് പോയി അവരുടെ ശരീരഭാഗങ്ങൾ വിൽക്കുന്നതായി വാട്ട്സപ്പിൽ വ്യാജ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണ് മൃഗീയ കൊലപാതകങ്ങൾക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് രണ്ട് ഗ്രാമങ്ങളിൽ പോലീസ് എത്തിച്ചേർന്നപ്പോൾ ഗ്രാമവാസികൾ പോലീസുകാരെയും ആക്രമിച്ചു. പൊലീസ് വാഹനങ്ങൾക്ക് അക്രമികൾ തീയിടുകയും ചെയ്തു. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. വാട്ട്സ് ആപ്പിലൂടെയുണ്ടായ വ്യാജപ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.