ബാബരി മസ്ജിദ് തകർത്തപ്പോൾ ഓടിയവരാണ് ബി.ജെ.പി; ഏക്നാഥ് ഷിൻഡെയുടെ അയോധ്യ സന്ദർശനം സ്പോൺസേഡ് പരിപാടി -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അയോധ്യ സന്ദർശനത്തിന് എതിരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ബി.ജെ.പി നേതാക്കൾ ഓടി രക്ഷപ്പെട്ടതാണ്. അവരുടെ കൈപിടിച്ചാണ് ഷിൻഡെ വിഭാഗം അയോധ്യയിലേക്ക് പോയിരിക്കുന്നതെന്നും റാവുത്ത് ആരോപിച്ചു.
യഥാർഥ ശിവസേനയെ കോപ്പിയടിക്കുകയാണ് അവർ. അയോധ്യയിലെ ഷിൻഡെയുടെ സന്ദർശനം ബി.ജെ.പിയാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ആരാണ് യഥാർഥ ശിവസേനയെന്നും ആരാണ് ഡൂപ്ലിക്കേറ്റ് എന്നും ജനങ്ങൾക്കറിയാമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
അടുത്തിടെയുണ്ടായ മഴക്കെടുതിയിൽ സംസ്ഥാനത്തെ കർഷകർ വലിയ ദുരിതം അനുഭവിക്കുകയാണ്. അവരുടെ പ്രശ്നങ്ങൾക്കൊന്നും ചെവികൊടുക്കാതെയാണ് മുഖ്യമന്ത്രി അയോധ്യയിലേക്ക് പോയത്. ശ്രീരാമൻ അവരെ അനുഗ്രഹിക്കുമോയെന്നും റാവുത്ത് ചോദിച്ചു.
ഞങ്ങളും രാമനിൽ വിശ്വസിക്കുന്നവരാണ്. ഒരുപാട് തവണ അയോധ്യയിൽ പോയിട്ടുണ്ട്. എന്നാൽ ഞങ്ങൾക്കൊപ്പം ബി.ജെ.പി നേതാക്കളുണ്ടായിരുന്നില്ല. ഇന്ന് അവിശ്വാസികളായ ഒരു കൂട്ടത്തിന്റെ കൈപിടിച്ചാണ് അവർ അയോധ്യയിലേക്ക് പോയിരിക്കുന്നത്. രാമൻ അവരെ അനുഗ്രഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് രാമനിൽ അതിയായ വിശ്വാസമുണ്ടെങ്കിൽ ആദ്യം പോകേണ്ടത് അയോധ്യയിലേക്കാണ്. അല്ലാതെ സൂററ്റിലേക്കോ ഗുവാഹത്തിയിലേക്കോ അല്ല. അവരുടെ സന്ദർശനം സ്പോൺസർ ചെയ്തിരിക്കുന്നത് ബി.ജെ.പിയാണ്-റാവുത്ത് ആരോപിച്ചു.
രാമക്ഷേത്രത്തിൽ തീർഥാടനം നടത്തുന്നതിന്റെ ഭാഗമായാണ് ഷിൻഡെയും എം.പിമാരും എം.എൽ.എമാരും അയോധ്യയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.