ബാബരി തകർക്കപ്പെട്ടപ്പോൾ നിങ്ങൾ ഓടി: ബി.ജെ.പിക്കെതിരെ ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ബാങ്കുവിളി, ഹനുമാൻ ചാലിസ, ഉച്ചഭാഷിണി ഉപയോഗം എന്നീ വിവാദങ്ങൾ സംബന്ധിച്ച തർക്കം കൊടുംപിരി കൊള്ളുകയാണ് മഹാരാഷ്ട്രയിൽ. ശിവസേന ഹിന്ദുത്വയിൽനിന്ന് പിൻമാറുന്നു എന്നാണ് ബി.ജെ.പി നിരന്തരം ആരോപണം ഉന്നയിക്കുന്നത്. ബി.ജെ.പിയുടെ ശ്രമത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തുവന്നു. 'മണി മുഴക്കുന്ന ഹിന്ദുത്വവാദികൾ' എന്ന് ബി.ജെ.പിയെ ടാഗ് ചെയ്തുകൊണ്ടാണ് ഉദ്ധവിന്റെ ആരോപണങ്ങൾ. "നിങ്ങൾക്ക് ഹനുമാൻ ചാലിസ ജപിക്കണമെങ്കിൽ അത് ചെയ്യൂ. അല്ലാതെ അനാവശ്യകാര്യങ്ങളിൽ ഇടപെടാൻ വന്നാൽ അത് തകർക്കാൻ ഞങ്ങൾക്കറിയാം. ഭീമാ രൂപ് എന്താണെന്ന് ഞങ്ങൾ കാണിച്ചുതരാം. നിങ്ങൾ ശിവസേനയെ വെല്ലുവിളിച്ചാൽ മഹാ രുദ്രനാകും ഞങ്ങൾ. ഞങ്ങളുടെ ഹിന്ദുത്വം ഗദാധാരി ഹനുമാനെപ്പോലെ ശക്തമാണ്" -ഉദ്ധവ് പറഞ്ഞു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അവർ ശിവസേന ഹിന്ദുത്വയെ ഉപേക്ഷിച്ചുവെന്ന് അലറുന്നു. ഞങ്ങൾ എന്താണ് ഉപേക്ഷിച്ചത്? ഹിന്ദുത്വം ഒരു ഉടുതുണിയാണോ? ഞങ്ങൾ അത് ധരിക്കുകയും അഴിക്കുകയും ചെയ്യണോ? ഒരു കാര്യം ഓർക്കണം. ഹിന്ദുത്വയെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്നവർ ഹിന്ദുത്വത്തിനായി എന്താണ് ചെയ്തതെന്ന് സ്വയം ചോദിക്കണം'' -അദ്ദേഹം പറഞ്ഞു.
തുടർന്ന് അദ്ദേഹം പഴയ സഖ്യകക്ഷിക്കെതിരെ ആഞ്ഞടിച്ചു: "ബാബറി മസ്ജിദ് തകർത്തപ്പോൾ നിങ്ങൾ നിങ്ങളുടെ മാളത്തിലേക്ക് ഓടിയൊളിച്ചു. രാമക്ഷേത്രം പണിയാനുള്ള തീരുമാനം നിങ്ങളുടെ സർക്കാരിൽ നിന്നല്ല, കോടതിയിൽ നിന്നാണ് ഉണ്ടായത്. അത് നിർമ്മിച്ചപ്പോൾ നിങ്ങൾ അതിന്റെ ക്രെഡിറ്റ് എടുത്തു. നിങ്ങളുടെ ഹിന്ദുത്വം എവിടെ?". ശിവസേനാ മേധാവി നമ്മെ പഠിപ്പിച്ച ഹിന്ദുത്വം, അത് കേട്ട ഈ ശിവസൈനികരുടെയെല്ലാം മനസ്സിൽ ഇപ്പോഴും ഉണ്ട്. ക്ഷേത്രങ്ങളിൽ മണിയടിക്കുന്ന ഹിന്ദുക്കളെ തനിക്ക് വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദുത്വം'' -മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച സ്വതന്ത്ര എം.പി നവനീത് റാണയെയും അവരുടെ ഭർത്താവ് എം.എൽ.എ രവി റാണയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.