ഇത് ബിപിന്‍ റാവത്തിന്‍റെ രണ്ടാം ഹെലികോപ്റ്റർ അപകടം; 2015ൽ രക്ഷപ്പെട്ടത് അത്ഭുതകരമായി
text_fieldsന്യൂഡൽഹി: സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിന്‍റെ വാർത്ത രാജ്യത്തെ നടുക്കുേമ്പാൾ ഓർമ്മയിൽ തെളിയുന്നത് 2015ലെ മറ്റൊരു ഹെലികോപ്റ്റർ അപകടം. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അദ്ഭുതകരമായാണ് ബിപിൻ റാവത്ത് രക്ഷപ്പെട്ടത്. പറന്നുയർന്ന ഉടനെ അദ്ദേഹം സഞ്ചരിച്ച ചീറ്റ ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു. എൻജിൻ തകരാർ ആയിരുന്നു അപകട കാരണം. അന്ന് ലഫ്റ്റനന്‍റ് ജനറലായിരുന്നു ബിപിൻ റാവത്ത്.
സി.ഡി.എസ് ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച എംഐ 17V5 ഹെലികോപ്റ്ററാണ് തമിഴ്നാട്ടിലെ നീലഗിരിയിൽ ഇന്ന് അപകടത്തിൽപെട്ടത്. ഇതിൽ 13പേരും മരിച്ചതായി തമിഴ്നാട് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. റാവത്തിന്‍റെ ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് അപകടത്തിൽ മരിച്ചത്.
ബിപിൻ റാവത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഡി.എൻ.എ പരിശോധനകൾ നടത്തിയാണ് മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടത്തുന്നത്. അപകടത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ബിപിൻ റാവത്തിന്‍റെ വസതി സന്ദർശിച്ചിരുന്നു.
അപകടം സംബന്ധിച്ച പ്രസ്താവന അദ്ദേഹം വ്യാഴാഴ്ച പാർലമെൻറിൽ നടത്തും. കരസേന മേധാവി എം.എം. നരവനെ അപകടം സംബന്ധിച്ച് പ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.