കോവിഡ് ബാധിച്ച സമയത്ത് തന്നെ വിളിച്ചത് അമിത് ഷാ മാത്രം -സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രകീർത്തിച്ച് ബി.ജെ.പിയിൽ ചേർന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരി. കോവിഡ് ബാധിച്ച് താൻ കിടപ്പിലായപ്പോൾ വിളിച്ചത് അമിത് ഷാ മാത്രമാണ്. രണ്ട് പ്രാവശ്യം അദ്ദേഹം വിളിച്ച് ആരോഗ്യകാര്യങ്ങൾ തിരക്കി. തൃണമൂലിൽ വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ച ഒരൊറ്റ നേതാവ് പോലും തന്നെ വിളിച്ചില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. മിഡ്നാപൂരിൽ നടന്ന റാലിയിൽ വെച്ചാണ് അമിത് ഷായിൽ നിന്ന് സുവേന്ദു ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
അമിത് ഷായെ ആദ്യമായി കണ്ട അനുഭവവും സുവേന്ദു അധികാരി പങ്കുവെച്ചു. 2014 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് അമിത് ഷായെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം ബി.ജെ.പി അധ്യക്ഷനായിരുന്നു. ബംഗാളിലെ ബി.ജെ.പി ചുമതലയുള്ള സിദ്ധാർഥ് നാഥ് സിങ് വഴിയാണ് അന്ന് താനുമായി ഷാ ബന്ധപ്പെട്ടത്. അക്കാലത്ത് ബി.ജെ.പിയിൽ ചേരാൻ അവരാരും ആവശ്യപ്പെട്ടിരുന്നില്ല -സുവേന്ദു പറഞ്ഞു.
താൻ ബി.ജെ.പിയിലെത്തുന്നത് ആരെയും ഭരിക്കാനോ അധികാരം പ്രയോഗിക്കാനോ അല്ലെന്ന് നേതാക്കൾക്ക് ഉറപ്പു തരുന്നു. ഒരു സാധാരണ പ്രവർത്തകനായി നിൽക്കും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് താൻ വന്നത്. നിങ്ങൾ എന്നോട് പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ അതും ചെയ്യാൻ തയാറാണ് -സുവേന്ദു പറഞ്ഞു.
തൃണമൂൽ കോൺഗ്രസിലെ ശക്തികേന്ദ്രമായിരുന്ന സുവേന്ദുവിന്‍റെ രാജിയും ബി.ജെ.പി അംഗത്വവും മമത ബാനർജിക്ക് കനത്ത വെല്ലുവിളിയാണ്. മമതയുമായുള്ള ഭിന്നതകളെ തുടർന്നാണ് സുവേന്ദു ഗതാഗത മന്ത്രി സ്ഥാനം രാജിവെച്ചത്. തുടർന്ന് പാർട്ടിയിൽ നിന്നും രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.