പെട്രോൾ വില വർധന: 'ധർമ സങ്കട'മെന്ന് നിർമല, പണിയറിയില്ലെങ്കിൽ രാജിവെക്കണമെന്ന് സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധനയിൽ മറുപടിയില്ലാതെ ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില എന്നു കുറക്കുമെന്ന ചോദ്യത്തിന് പെട്രോൾ -ഡീസൽ വില ഉയരുന്നത് ധർമസങ്കടകരമാണെന്നായിരുന്നു നിർമലയുടെ മറുപടി.
രാജ്യത്തെ പെട്രോൾ, ഡീസൽ വില 'എപ്പോൾ കുറക്കാൻ കഴിയുമെന്ന് പറയാനാകില്ല... അതൊരു ധർമസങ്കടമാണ്' -നിർമല സീതാരാമൻ പറഞ്ഞു. അഹ്മദാബാദിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
'ഇത് സെസ് മാത്രമല്ല. കേന്ദ്രം എക്സൈസ് തീരുവ ഈടാക്കുേമ്പാൾ സംസ്ഥാനങ്ങൾ വാറ്റ് ഇൗടാക്കും. അതിനാൽ വരുമാനം ഉണ്ടെന്ന വസ്തുത മറച്ചുപിടിക്കാനാകില്ല. ഇത് എനിക്ക് മാത്രമല്ല, നിങ്ങൾ എല്ലാ സംസ്ഥാനങ്ങളോടും ചോദിക്കൂ. അവിടെയും വരുമാനമുണ്ടാകും' -ധനമന്ത്രി പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ചർച്ച നടത്തിയാൽ മാത്രമേ പരിഹാരം കാണാനാകൂ. അത്തരം നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
രാജ്യത്ത് 25ലധികം തവണയാണ് 2021ൽ മാത്രം ഇന്ധനവില വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില വിവിധ ഇടങ്ങളിൽ നൂറുകടക്കുകയായിരുന്നു. നിർമലയുടെ ധർമസങ്കടം പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു. തെറ്റായ നടപടികൾ സ്വീകരിക്കുകയും അവസാനം ധർമ സങ്കടം എന്നുപറഞ്ഞ് ഒഴിയുകയും ചെയ്യുകയാണെന്നായിരുന്നു പ്രതികരണം. രാജ്യത്തെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ധനമന്ത്രി പരാജയപ്പെട്ടുവെന്നും ജോലി അറിയില്ലെങ്കിൽ രാജിവെച്ച് ഉത്തരവാദിത്തപ്പെട്ടവർക്ക് സ്ഥാനം കൈമാറാനും ചിലർ നിർദേശിച്ചു.
കഴിഞ്ഞദിവസം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിൽ ആശങ്ക അറിയിച്ച് റിസർവ് ബാങ്ക് രംഗത്തെത്തിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ വില കുറക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു കേന്ദ്രബാങ്കിന്‍റെ നിർേദശം. ഇരുകൂട്ടരും നികുതി കുറക്കേണ്ടത് അനിവര്യമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.