'എ.ഐ.എം.ഐ.എമ്മിന് എന്നാണ് ഹിജാബ് ധരിച്ച ഒരു പ്രസിഡന്‍റ് ഉണ്ടാകുക'- ഉവൈസിയെ പരിഹസിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയായി കാണണമെന്നാണ് തന്റെ സ്വപ്നമെന്ന് പറഞ്ഞ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിയെ പരിഹസിച്ച് ബി.ജെ.പി. വിഷയത്തിൽ ചർച്ചകൾ സജീവമായതിന് പിന്നാലെ, ഉവൈസിയെ പരിഹസിച്ച് കൊണ്ട് എ.ഐ.എം.ഐ.എമ്മിന് എന്നാണ് ഹിജാബ് ധരിച്ച ഒരു അധ്യക്ഷ ഉണ്ടാകുന്നതെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവാല്ല ചോദിച്ചു.
"ഹിജാബ് ധരിച്ച ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് ഉവൈസി ആഗ്രഹിക്കുന്നത്. എന്നാൽ ഭരണഘടന ആരെയും ഇതിൽ നിന്ന് വിലക്കുന്നില്ല. പക്ഷെ എന്നാണ് ഹിജാബ് ധരിച്ച ഒരു പെൺകുട്ടി എ.ഐ.എം.ഐ.എം പ്രസിഡന്റാകുന്നതെന്ന് ഞങ്ങളോട് പറയണം. നമുക്ക് ആദ്യം അതിൽ നിന്നും തുടങ്ങാം"- പൂനവാല്ല ട്വീറ്റ് ചെയ്തു.
ഇന്ത്യൻ വംശജനായ ഋഷി സുനക് യു.കെ പ്രധാനമന്ത്രിയായതിന് പിന്നാലെയാണ് ഇന്ത്യയുടെ 'മുസ്ലിം പ്രധാനമന്ത്രി' എന്ന വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചത്. ഭൂരിപക്ഷ സർക്കാർ അധികാരത്തിലുള്ളപ്പോൾ ഇന്ത്യയിൽ ഇത് സാധ്യമല്ലെന്ന് പല പ്രതിപക്ഷ നേതാക്കളും വാദിച്ചപ്പോഴും ഹിജാബ് ധരിച്ച ഒരു പെൺകുട്ടിയെ പ്രധാനമന്ത്രിയായി കാണണമെന്നാണ് തന്റെ സ്വപ്നമെന്ന് ഉവൈസി ആവർത്തിച്ചിരുന്നു.
നേരത്തെ കർണാടകയിൽ ഹിജാബ് വിവാദം ഉണ്ടായപ്പോഴും ഉവൈസി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ദൈവകൃപയാൽ തന്‍റെ ജീവിത കാലയളവിലോ അതിന് ശേഷമോ ഹിജാബ് ധരിച്ച ഒരു പെൺകുട്ടി ഇന്ത്യൻ പ്രധാനമന്ത്രിയായി കാണണമെന്നാണ് തന്റെ സ്വപ്നമെന്ന് ഋഷി സുനക് അധികാരമേറ്റപ്പോൾ ഉവൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.